ബാങ്കോക്ക്: തായ്‌ലൻഡിലെ ഒരു ബീച്ചിൽ വിദേശ വനിതകളുടെ ദൃശ്യങ്ങൾ അവരുടെ അനുമതിയില്ലാതെ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയ ഇന്ത്യൻ യുവാവിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. ഋഷഭ് യാദവ് എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ സംഭവം പുറത്തുവന്നത്.

വൈറൽ വീഡിയോയിൽ, ഒരു കൂട്ടം ഇന്ത്യക്കാർക്കൊപ്പം ബീച്ചിലിരിക്കുന്ന യുവാവ് മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് അടുത്തുള്ള സ്ത്രീകളുടെ ദൃശ്യങ്ങൾ സൂം ചെയ്ത് പകർത്താൻ ശ്രമിക്കുന്നതാണ് കാണുന്നത്. 'ചിലർ ചെയ്യുന്ന ലജ്ജാവഹമായ കാര്യങ്ങൾ എല്ലാവരുടെയും പേര് മോശമാക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഋഷഭ് യാദവ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. "ഇവർ തുടർച്ചയായി ഡീപ്പ് സൂം ചെയ്ത് ഫോട്ടോകൾ എടുക്കുകയായിരുന്നു. ഇവർ ബീച്ചിൽ മാലിന്യങ്ങളും ഉപേക്ഷിച്ചു. പൗരബോധം എന്നത് നാം തീർച്ചയായും ആഴത്തിൽ പഠിപ്പിക്കേണ്ട ഒന്നാണ്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ദൃശ്യങ്ങൾ വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും നിരവധി പേർ പ്രതിഷേധം അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. വിദേശത്ത് ഇന്ത്യക്കാർക്ക് മോശം പേര് വരാൻ ഇത്തരം പ്രവൃത്തികൾ കാരണമാകുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. "ബഹുമാനവും സമ്മതവുമാണ് അടിസ്ഥാനപരമായ കാര്യങ്ങൾ," എന്നും "ഇത് സത്യമാണെങ്കിൽ ഏത് രാജ്യത്തും ലജ്ജാകരവും അസ്വീകാര്യവുമായ പെരുമാറ്റമാണിത്" എന്നും കമന്റുകൾ വന്നു.

"ഇതുപോലുള്ള ആളുകൾ മറ്റുള്ളവരുടെ യാത്രാനുഭവം നശിപ്പിക്കുകയും ഇന്ത്യൻ സഞ്ചാരികളുടെ പ്രതിച്ഛായ തകർക്കുകയും ചെയ്യുന്നു," ഒരു ഉപയോക്താവ് കുറിച്ചു. "ചിലർ വിദേശത്ത് വംശീയതയെക്കുറിച്ച് പരാതി പറയും, എന്നാൽ നമ്മളിൽ ചിലർ വിമർശനത്തിന് വഴിവെക്കുന്ന തരത്തിൽ പ്രവർത്തിക്കും" എന്ന നിരീക്ഷണവും വീഡിയോക്ക് താഴെ സജീവമായിരുന്നു.