ലണ്ടന്‍: സ്വാദിഷ്ടമായ തന്തൂരി വിഭവങ്ങള്‍ നല്‍കി, എറെ ജനപ്രീതി പിടിച്ചുപറ്റിയ ഒരു ഇന്ത്യന്‍ പബ്ബ് പൊളിച്ചു നീക്കാന്‍ ശ്രമം ആരംഭിച്ചു. ചില പ്ലാനിംഗ് എതിര്‍പ്പുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഷേക്സ്പിയര്‍ പൈതൃക ഇടത്തില്‍നിന്നും അധികം അകലെയല്ലാതുള്ള ഈ പബ്ബ് പൊളിച്ചു മാറ്റുന്നത്. ഹോട്ടല്‍ ഉടമ രാകേഷ് സിംഗിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കെട്ടിട നിര്‍മ്മാണവുമായി നിലവിലുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് ഷേക്സ്പിയര്‍ ബര്‍ത്ത്‌പ്ലേസ് ട്രസ്റ്റ് ആരോപിക്കുന്നു.

ഷേക്സ്പിയറിന്റെ പത്‌നി ആനി ഹാത്ത് വേ ജനിച്ചു വീണ കോട്ടേജിന്റെ ഇപ്പോഴത്തെ പരിപാലന ചുമതലയുള്ള ചാരിറ്റിയാണ് ഈ ട്രസ്റ്റ്. കാസ്‌ക് എന്‍ തണ്ടൂര്‍ എന്ന പബ്ബില്‍നിന്നും 200 മീറ്റര്‍ മാത്രം അകലെയാണ് 1463 ല്‍ പണിത ഈ കോട്ടേജ് സ്ഥിതിചെയ്യുന്നത്. വാര്‍വിക്ക്ഷയറിലെ ഷോട്ടറി ഗ്രാമത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. തന്റെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ ബേണ്‍സൈഡില്‍ കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സിംഗ് പബ്ബ് ആരംഭിച്ചത്.

അനധികൃത നിര്‍മ്മാണം വഴി ഭൂമിക്ക് ക്ഷതം ഏല്‍പ്പിച്ചു. തങ്ങളുടെ സ്ഥലത്തേക്ക് അതിക്രമിച്ചു കയറി തുടങ്ങി നിരവധി ആരോപണങ്ങളാണ് സിംഗിനെതിരെ ട്രസ്റ്റ് ഉന്നയിച്ചിരിക്കുന്നത്. ഇത് ഒരു സംരക്ഷിത പ്രദേശമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെയുള്ള പബ്ബിന്റെ നിരന്തരമായ പ്രവര്‍ത്തനം ഗ്രാമീണാന്തരീക്ഷത്തിന് ഭംഗം വരുത്തുന്നതായും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒരൊറ്റ നിലയുള്ള പബ്ബിനും പാഷിയോ എരിയക്കുമായി സിംഗ് റിട്രോസ്പെക്റ്റീവ് പെര്‍മിഷനായി അപേക്ഷിച്ചിരുന്നെങ്കിലും സ്ട്രാറ്റ്‌ഫോര്‍ഡ് ഓണ്‍ ഏവണ്‍കൗണ്‍സില്‍ അത് നിരാകരിച്ചിരുന്നു. അമിത വികസനം മൂലം ജൈവവൈവിധ്യങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ആഘാതം ചൂണ്ടിക്കാട്ടിയായിരുന്നു കൗണ്‍സില്‍ അപേക്ഷ നിരാകരിച്ചത്. മാത്രമല്ല, ഒരു സംരക്ഷിത പ്രദേശത്തിന്റെ അന്തരീക്ഷം തന്നെ ഇത് തകര്‍ക്കുമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയിരുന്നു.