ലണ്ടന്‍: ലണ്ടനില്‍ അല് ക്വദ്‌സ് റാലിക്കായി ആയിരക്കണക്കിന് ഇറാന്‍ അനുകൂലികളാണ് ഒത്തുകൂടിയത്. തെംസ് നദിയുടെ കരയില്‍ പ്രാര്‍ത്ഥനകള്‍ക്കായി ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചിരുന്നു. 'ഇസ്രയേല്‍ ഭീകര രാഷ്ട്രമാണ്', 'നദി മുതല്‍ കടല്‍ വരെ' തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. യുദ്ധത്തിന്റെ ആദ്യ നാളില്‍ തന്നെ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമനേയിയുടെയും ഇറാന്റെ പുതിയ പരമാധികാരി മൊജ്താദ ഖമനേയിയുടെയും ചിത്രങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ ഇതുവരെ അറസ്റ്റിലായതായി മെറ്റ് പോലീസ് അറിയിച്ചു. നിരോധിക്കപ്പെട്ട സംഘടനയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനാണ് അതില്‍ ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാളെ അപകടകരമാം വിധം വാഹനമോടിച്ചതിനും, മറ്റൊരാളെ ഭീഷണി ഉയര്‍ത്തിയതിനും മോശം പെരുമാറ്റത്തിനുമാണ് അറസ്റ്റ് ചെയ്തത്. അതേസമയം, തെംസിന്റെ മറുകരയില്‍ ഈ പ്രകടനത്തിനെതിരെ ആയിരക്കണക്കിന് പേര്‍ പ്രതികരിക്കുന്നുണ്ടായിരുന്നു. വെറുപ്പ് പ്രചരിപ്പിക്കുന്നത് നിര്‍ത്തുക എന്നാവശ്യപ്പെട്ടായിരുന്നു അവരുടെ പ്രകടനം.

ഇസ്രയേലി പതാകകള്‍ വീശിയെത്തിയ അവര്‍ ഹമാസ് ഒരു ഭീകര സംഘടനയാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. നേരത്തെ ഇറാന്‍ അനുകൂലികള്‍ പ്രകടനം നടത്തുവാനാണ് തീരുമാനിച്ചതെങ്കിലും, ഹോം സെക്രട്ടറി അല്‍ ക്വദ്‌സ് റാലികള്‍ നിരോധിച്ചതോടെ ഒരിടത്ത് നിന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇസ്ലാമിക് ഹ്യുമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ആയിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.