റോം: രാജ്യത്തിന്റെ പാർലമെന്റിനകത്ത് മുലയൂട്ടുന്ന ആദ്യ വനിതയായി എം പി ഗിൽഡ സ്പൊടീലോ മാറിയപ്പോൾ, കരഘോഷങ്ങളോടെയായിരുന്നു സഹ എം പിമാർ ആ മുഹൂർത്തം ആഘോഷിച്ചത്. 36 കാരിയായ പാർലമെന്റ് സാമാജിക തന്റെ രണ്ട് മാസം പ്രായമുള്ള മകൻ ഫ്രെഡെറികോയ്ക്ക് ഡെപ്യുട്ടീസിനുള്ള ചേംബറിൽ വെച്ച് മുല കൊടുത്തപ്പോൾ, പാർലമെന്റിനകത്ത് കയറുന്ന ആദ്യ കുട്ടിയായി ആ കുരുന്ന്.

മറ്റു രാജ്യങ്ങളിൽ പാർലമെന്റിനകത്ത് മുലയൂട്ടുന്നത് നടന്നിട്ടുണ്ടെങ്കിലും ഇറ്റാലിയൻ പാർലമെന്റിനകത്ത് അത് അനുവദനീയമായിരുന്നില്ല. മാത്രമല്ല, മൂന്നിൽ രണ്ട് ഭാഗത്തിലേറെ പുരുഷ എം പിമാർഉള്ള പാർലമെന്റിൽ അത്തരമൊരു ആവശ്യകത ആരും ഓർത്തതുമില്ല. പല സ്ത്രീകൾക്കും വളരെ നേരത്തേ തന്നെ മുലയൂട്ടൽ നിർത്തേണ്ടി വരുന്നതായി ഗിൽഡ് പറഞ്ഞു. തൊഴിലിടങ്ങളിലേക്ക് പെട്ടെന്ന് മടങ്ങേണ്ടി വരുന്നതുകൊണ്ടാണ് ഇതെന്നും അവർ പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു വനിത പാർലമെന്റംഗങ്ങൾക്ക് കുട്ടികളുമായി ചേംബറിൽ കയറുവാനും മുലയൂട്ടുവാനുമുള്ള അനുവാദം നൽകുന്ന നിയമം പാസ്സാക്കിയത്. എന്നാൽ, ഇന്നലെ ഒരു വോട്ടിംഗിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു ഗിൽഡ പാർലമെന്റിൽ ഇരുന്ന കുഞ്ഞിന് മുലയൂട്ടിയത്. കരഘോഷങ്ങളോടെ മറ്റ് അംഗങ്ങൾ അതിനെ അഭിനന്ദിച്ചപ്പോൾ നടപടികൾക്ക് നേതൃത്വം നൽകുകയായിരുന്ന ജിയോർജിയോ മ്യുൾ പറഞ്ഞത് എല്ലാ പാർട്ടികളുടെ പിന്തുണ ലഭിച്ച ആദ്യ സംഭവം എന്നായിരുന്നു.

ജിയോർജിയ മിലോനി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റെങ്കിലും ഇപ്പോഴും മൂന്നിൽ രണ്ട് പാർലമെന്റംഗങ്ങളും പുരുഷന്മാർ തന്നെയാണ്. ഇറ്റാലിയൻ പാർലമെന്റിൽ മുലയൂട്ടൽ ആദ്യ സംഭവമാണെങ്കിൽ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ ഇത് 15 വർഷം മുൻപ് നടന്നിരുന്നു. അന്ന് അവിടെ മുലയൂട്ടിയതും ഒരു ഇറ്റാലിയൻ വനിതമായിരുന്നു. ഇപ്പോൾ ഫോർസ ഇറ്റാലിയ പാർട്ടിയുടെ സെനറ്റർ ആയ ലിസിയ റോൺസുല്ലി.