ലണ്ടന്‍: ജഗ്വാറിന്റെ വോക്ക് റീബ്രാന്‍ഡിംഗ് തിരിച്ചടിച്ചതോടെ കാര്‍ വില്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ഐതിഹാസികമായ ഗ്രൗളര്‍ ബിഗ് ക്യാറ്റ് ലോഗോ കഴിഞ്ഞ നവംബറില്‍ എടുത്തു കളഞ്ഞതോടെ ഈ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ തിരിച്ചടി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പഴയ ലോഗോയ്ക്ക് പകരമായി ഇംഗ്ലീഷിലെ ജെ എന്ന അക്ഷരത്തെ സൂചിപ്പിക്കുന്ന ഒരു ജ്യാമിതീയ രൂപമാണ് പുതിയ ലോഗോ. ഇത് ജഗ്വാര്‍ ആരാധകരെ തൃപ്തരാക്കിയിട്ടില്ല എന്നാണ് വില്പനയുടെ പുതിയ കണക്കുകള്‍ തെളിയിക്കുന്നത്.

ലോഗോ മാറ്റത്തിനോടൊപ്പം പുറത്തുവന്ന പുതിയ പരസ്യവും വിവാദത്തിലായിരിക്കുകയാണ്. ഉഭയലിംഗ ജീവികളെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പുരുഷന്മാരും സ്ത്രീകളും വശീകരണശക്തിയുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്തുന്ന പരസ്യമാണ് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായത്. ലോഗോയും പരസ്യവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചൂടോടെ തുടരുമ്പോള്‍ കാറുകളുടെ വില്പനയില്‍ 97.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

യൂറോപ്യന്‍ ഓട്ടോമൊബൈല്‍ മാനുഫക്‌ചേഴ്സ് അസ്സോസിയേഷന്റെ കണക്കുകള്‍ പ്രകാരം 2025 ഏപ്രിലില്‍ ജഗ്വാറിന്റെ പുതിയ 49 കാറുകള്‍ മാത്രമാണ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ കമ്പനി വിറ്റത് 1961 കാറുകളായിരുന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വില്പനയുടെ കണക്കെടുത്താല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 75,1 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്.