ലണ്ടന്‍: ചാരിറ്റിയുടെ മറവില്‍ തട്ടിപ്പു നടത്തിയ ഇന്ത്യന്‍ വംശജയായ രജ്ബിന്ദര്‍ കൗര്‍ എന്ന 55 കാരിയും തെറ്റായ വിവരങ്ങള്‍ ചാരിറ്റി കമ്മീഷന് നല്‍കിയ, അവരുടെ സഹോദരന്‍ കല്‍ദീപ സിംഗ് ലെഹാല്‍ എന്ന 44 കാരനും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഇരുവര്‍ക്കും തടവ് ശിക്ഷ വിധിച്ചു. ആറ് മോഷണക്കേസുകള്‍, കള്ളപ്പണം വെളുപ്പിച്ച ഒരു കേസ്, തെറ്റായ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് ഒരു കേസ് എന്നിവയ്ക്കായി രജ്ബിന്ദര്‍ കൗറിന് രണ്ട് വര്‍ഷം എട്ട് മാസത്തെ തടവ് ശിക്ഷ വിധിച്ചപ്പോള്‍, തെറ്റായ വിവരങ്ങള്‍ നല്‍കിയ കേസില്‍ നാല് മാസത്തെ തടവ് ശിക്ഷയാണ് സഹോദരന് ലഭിച്ചത്.

എന്നാല്‍, സഹോദരന്റെ ശിക്ഷ 18 മാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. സ്വന്തം ആവശ്യങ്ങള്‍ക്കായി ചാരിറ്റി ഫണ്ട് ദുരുപയോഗം ചെയ്യുന്നത് കോടതികള്‍ അനുവദിക്കില്ല എന്നാണ് ഇത് കാണിക്കുന്നതെന്ന് ചാരിറ്റി കമ്മീഷന്‍ പ്രതികരിച്ചു. തന്റെ കടങ്ങള്‍ വീട്ടുവാനും, കുടുംബാംഗങ്ങള്‍ക്ക് നല്‍കുവാനുമായി കൗര്‍ ചാരിറ്റി അക്കൗണ്ടില്‍നിന്നും പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് കമ്മീഷന്‍ ആരോപിക്കുന്നത്. തട്ടിച്ചെടുത്ത പണം മറച്ചു വയ്ക്കുന്നതിനായി അമ്പതോളം ബാങ്ക് അക്കൗണ്ടുകളായിരുന്നത്രെ ഇവര്‍ പരിപാലിച്ചിരുന്നത്.