വാഷിങ്ടണ്‍: ഡൊണാൾഡ് ട്രംപ് ചുമതലയേൽക്കുന്നതുവരെ ജോ ബൈഡൻ രാജിവച്ച് കമലാ ഹാരിസിനെ ആസ്ഥാനത്തേക്ക് കൊണ്ട് വരണമെന്ന് ജമാല്‍ സിമ്മണ്‍സ്. കമലാ ഹാരിസ് അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡൻ്റായി മാറണമെന്നും കമല ഹാരിസിന്റെ മുന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ കൂടിയായിരുന്ന സിമ്മണ്‍സ് അവകാശപ്പെട്ടു. 2025 ജനുവരി 20 ന് ഡൊണാണ്‍ഡ് ട്രംപ് ഔദ്യോഗികമായി അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്.

'ബൈഡന്‍ ഇതിനകം തന്നെ ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഭരണത്തിന് ലോകത്തിന് മഹത്തരമായ സന്ദേശം നല്‍കാനാകും. ബൈഡന്‍ ഒരു അസാധാരണ പ്രസിഡന്റായിരുന്നു. ഒരു പരിവര്‍ത്തന വ്യക്തിത്വമെന്ന നിലയില്‍ അദ്ദേഹത്തിന് നിറവേറ്റാന്‍ കഴിയുന്ന ഒരു വാഗ്ദാനമുണ്ട്. അതാണ് ഈ നീക്കത്തിലൂടെ സാക്ഷാത്കരിക്കാന്‍ പോകുന്നത്'- സിമ്മണ്‍സ് പറഞ്ഞു. സി.എന്‍.എന്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു സിമ്മണ്‍സ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും 2025 ജനുവരി 20 വരെ ട്രംപ് പ്രസിഡൻ്റായി ചുമതലയേൽക്കില്ല. തെരഞ്ഞെടുപ്പിനും അടുത്ത പ്രസിഡന്റ ചുമതലയേൽക്കുന്നതിനും ഇടയിൽ യുഎസ് ഭരണഘടന നാല് മാസത്തെ പരിവർത്തന സമയം അനുവദിക്കുന്നുണ്ട്. നേതൃത്വപരമായ തീരുമാനങ്ങൾ പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്തുമെന്ന ചർച്ചകൾക്കും സിമ്മൺസിൻ്റെ തുറന്നുപറച്ചിൽ വഴി തുറന്നിട്ടുണ്ട്.