ലണ്ടന്‍: ബ്രിട്ടീഷ് തൊഴിലാളികളുടെ നൈപുണി വര്‍ദ്ധിപ്പിച്ച് കുടിയേറ്റം കുറച്ചു കൊണ്ടുവരുന്നതിനുള്ള കീര്‍ സ്റ്റാര്‍മറുടെ പദ്ധതി ഫലം കാണുമെന്ന് ഉറപ്പില്ലെന്ന് സര്‍ക്കാര്‍ ഉപദേഷ്ടാക്കാള്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടനിലേക്ക് കുടിയേറ്റക്കാര്‍ വരുന്നത് തടയുന്നതിനുള്ള ഒറ്റമൂലി എന്ന നിലയിലുള്ള ഈ പദ്ധതിക്കെതിരെയുള്ള മുന്നറിയിപ്പ് വന്നിരിക്കുന്നത്, മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി ഇന്നലെ പുറപ്പെടുവിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ്. യു കെയില്‍ ദീര്‍ഘകാല താമസത്തിനെത്തുന്നവരും, യു കെ വിട്ട് പോകുന്നവരും തമ്മിലുള്ള വ്യത്യാസമായ നെറ്റ് മൈഗ്രേഷന്‍, 2023 ജൂണില്‍ അവസാനിക്കുന്ന 12 മാസക്കാലയളവില്‍ 9,06,000 ആയിരുന്നു.

നേരത്തെ കണക്കാക്കിയിരുന്നതിലും 1,66,000 കൂടുതലാണിത് എന്ന് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, 2024 ജൂണില്‍ അവസനിക്കുന്ന ഒരു വര്‍ഷക്കാലയളവില്‍ നെറ്റ് മൈഗ്രേഷന്‍ കുറഞ്ഞ് 7,28,000 ല്‍ എത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 20 ശതമാനത്തിന്റെ കുറവാണ് ഈ കാലയളവില്‍ ഉണ്ടായത്. മുന്‍ സര്‍ക്കാരിന്റെ തുറന്ന അതിര്‍ത്തി എന്ന സമീപനമാണ് പ്രശ്നങ്ങള്‍ക്ക് കാരനമെന്ന് ഈ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ സര്‍ കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചിരുന്നു.

വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികള്‍, സ്വദേശ തോഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പോയിന്റ് അടിസ്ഥിത ഇമിഗ്രേഷന്‍ സിസ്റ്റം നടപ്പില്‍ വരുത്തുമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു. അതുപോലെ വിസ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഈ നടപടികള്‍ പ്രായോഗികമാണെന്ന് ഉറപ്പ് പറയാന്‍ ആകില്ലെന്നാണ് ഉപദേശക സമിതി പറയുന്നത്.