ഡബ്ലിന്‍: യു കെയിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമായി 2,700 ഓളം അപകടകാരികളായ വന്യമൃഗങ്ങളെ ലൈസന്‍സോടു കൂടി വീടുകളില്‍ വളര്‍ത്തു മൃഗങ്ങളായി പാര്‍പ്പിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര വന്യ ജീവി സംരക്ഷണ സംഘടനയായ ബോണ്‍ ഫ്രീ വെളിപ്പെടുത്തി. ലൈസന്‍സില്ലാതെ സൂക്ഷിക്കുന്നവ ഇതില്‍ കൂടുതല്‍ വരുമെന്നും അവര്‍ പറയുന്നു. 2023 ല്‍ ബോണ്‍ ഫ്രീ നടത്തിയ സര്‍വ്വേയില്‍ വെളിപ്പെട്ടത് 126 ലോക്കല്‍ അഥോറിറ്റികളിലായി 187 സ്വകാര്യ കെട്ടിടങ്ങളില്‍ അപകടകാരികളായ വന്യമൃഗങ്ങളെ സൂക്ഷിക്കാന്‍ ലൈസന്‍സുണ്ടെന്ന് കണ്ടെത്തിയിരുന്നു.

സിംഹങ്ങള്‍, മുതലകള്‍, കടുത്ത വിഷമുള്ള പാമ്പുകള്‍ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ വിഷമുള്ള പാമ്പുകളും ഇക്കൂട്ടത്തിലുണ്ട്. 18 അടി നീളത്തില്‍ വളരാന്‍ കഴിയുന്ന അവ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പുകള്‍ കൂടിയാണ്. ഏകദേശം 20 വയസ്സു വരെയാണ് ഇവയ്ക്ക് ആയുസ്സുള്ളത്.