കുവൈത്ത് സിറ്റി: ഒരു വനിത ഉള്‍പ്പെടെ ഏഴ് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അമീരി ഉത്തരവ് പുറത്തിറങ്ങി. നിലവിലെ വിദേശമന്ത്രിയെ മാറ്റി പുതിയ വിദേശമന്ത്രിയായി ഷെയ്ഖ് ജറാഹ് ജാബര്‍ അല്‍- അഹമദ് അല്‍ സബാഹിനെ നിയമിച്ചതാണ് പ്രധാന തീരുമാനം.

ഏഴ് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുകയും മൂന്ന് പേരെ ഒഴിവാക്കുകയും ചെയ്തു. ഇതോടെ മന്ത്രിസഭയിലെ ആകെ അംഗസംഖ്യ 21 ആയി. ഇന്‍ഫര്‍മേഷന്‍, വാണിജ്യവ്യവസായം, വിദേശം എന്നീ വകുപ്പുകളിലാണ് പ്രധാന മാറ്റങ്ങള്‍.

വാണിജ്യവ്യവസായ മന്ത്രിയായി ഒസാമ ഖാലിദ് അബ്ദുള്ള ബൂദായി, വികസനസുസ്ഥിരത സഹമന്ത്രിയായി ഡോ. റീം ഘാസി സൗദ് അല്‍ ഫലീജ്, യുവജനകായിക സഹമന്ത്രിയായി ഡോ. താരിഖ് ഹമദ് നാസര്‍ അല്‍ ജലാഹ്‌മ, സാമ്പത്തിക നിക്ഷേപ സഹമന്ത്രിയായി അബ്ദുള്‍ അസീസ് നാസര്‍ അബ്ദുള്‍ അസീസ് അല്‍ -മര്‍സൂഖ് എന്നിവരെ നിയമിച്ചു.

വിവരസാംസ്‌കാരിക മന്ത്രിയായി അബ്ദുള്ള സുബൈഹ് അബ്ദുള്ള ബുഫ്‌തൈന്‍ ചുമതലയേറ്റു. ഡോ. യാക്കൂബ് അല്‍ -റിഫായിയാണ് ധനമന്ത്രി. ഭരണകാര്യക്ഷമത വര്‍ധിപ്പിക്കാനും വികസന പദ്ധതികള്‍ക്ക് പുതിയ ഊര്‍ജം നല്‍കാനും ലക്ഷ്യമിട്ടാണ് മന്ത്രിസഭ പുനഃസംഘടനയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.