ലണ്ടന്‍: അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുന്ന, മുന്‍ അഴിമതി നിരോധന വകുപ്പ് മന്ത്രി തുലിപ് സിദ്ദിഖ്, അവര്‍ നേരത്തെ അവകാശപ്പെട്ടതില്‍ നിന്നും വിരുദ്ധമായി ഒരു ബംഗ്ലാദേശ് പാസ്സ്‌പോര്‍ട്ടും നാഷണല്‍ ഐഡന്റിറ്റി കാര്‍ഡും കൈവശം വെച്ചിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നു. അവര്‍ക്ക് 19 വയസ്സുണ്ടായിരുന്നപ്പൊള്‍ നല്‍കിയ പാസ്സ്‌പോര്‍ട്ടിന്റെ രേഖകളാണ് ഡാക്കയില്‍ അധികൃതര്‍ പുറത്തു വിട്ടത്. അതിനോടൊപ്പം 2011 ജനുവരി മുതല്‍ അവര്‍ സൂക്ഷിക്കുന്ന നാഷണല്‍ ഐഡന്റിറ്റി കാര്‍ഡിന്റെ വിവരങ്ങളും പുറത്തുവിട്ടു.

അതിനു പുറമെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്ന ബംഗ്ലാദേശ് വോട്ടര്‍ റെജിസ്‌ട്രേഷനും അവര്‍ക്കുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ഷന്‍ കമ്മീഷന്റെ രേഖകളിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. മാത്രമല്ല, 2011 ല്‍ പാസ്സ്‌പോര്‍ട്ട് പുതുക്കുന്നതിനായി തുളിപ് സിദ്ദിഖ് സമര്‍പ്പിച്ച അപേക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ബംഗ്ലാദേശീ മാതാപിതാക്കളുടെ മകളായി ബ്രിട്ടനില്‍ ജനിച്ച 43 കാരിയായ തുളിപ് സിദ്ദിഖിന് ഇരട്ടപൗരത്വം സൂക്ഷിക്കൂവാനുള്ള അവകാശമുണ്ട്. എന്നാല്‍, 2017 ല്‍, താന്‍ ബ്രിട്ടീഷുകാരിയാണെന്നും ബംഗ്ലാദേശിയല്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ബംഗ്ലാദേശില്‍ ഒരു അഴിമതിക്കേസില്‍ വിചാരണ നേരിടുന്നു എന്ന വാര്‍ത്ത പുറത്തു വന്നതിനു പുറകെ, കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവര്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതയായത്. തുലിപ് സിദ്ദിഖിനൊപ്പം അവരുടെ മാതാവ് റെഹന, യു കെയില്‍ താമസിക്കുന്ന രണ്ട് സഹോദരങ്ങള്‍ എന്നിവരും ഇതേ അഴിമതി കേസില്‍ അന്വേഷണം നേരിടുന്നുണ്ട്. ഡാക്കയിലെ അതിസമ്പന്നര്‍ താമസിക്കുന്ന പ്രദേശത്ത് ഭൂമി സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇവര്‍ അന്വേഷണം നേരിടുന്നത്. എന്നാല്‍ അവര്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്.

എന്നാല്‍, സിദ്ധിഖിനെ അപമാനിക്കാനും, തങ്ങള്‍ ചുമത്തിയ വ്യാജ കേസ് സത്യമാണെന്ന് പുറം ലോകത്തെ ബോധിപ്പിക്കുന്നതിനുമായി വ്യാജ രേഖകള്‍ ചമച്ച് ബംഗ്ലാദേശീ അധികൃതര്‍ രംഗത്തിറങ്ങിയിരിക്കുകയാണ് എന്നാണ് തുലിപ് സിദ്ധിഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ അവര്‍ക്ക് ബംഗ്ലാദേശ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡോ വോട്ടര്‍ ഐഡിയോ ബംഗ്ലാദേശ് പാസ്സ്‌പോര്‍ട്ടോ ഉണ്ടായിരുന്നില്ല എന്നും അവര്‍ പറയുന്നു.