മെക്‌സിക്കോ സിറ്റി: ഒരു മെക്സിക്കൻ കടൽത്തീരത്ത് രണ്ടുപേർ ഇടിമിന്നലേറ്റ് മരണമടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഇക്കഴിഞ്ഞ തിങ്കളാച്ച ഉച്ച തിരിഞ്ഞായിരുന്നു സംഭവം നടന്നത്. ആക്വില ബീച്ചിൽ ഉണ്ടായ സംഭവത്തിൽ ഒരു കൊള്ളിയാൻ ഇറങ്ങി വന്ന് ഒരു വനിതയേയും ഒരു കച്ചവടക്കാരനെയും അഗ്‌നിക്കിരയാക്കുന്നതാണ് ദൃശ്യം. ഇരുവരും തത്ക്ഷണം മരണപ്പെടുകയായിരുന്നു.

ഇടമുഴക്കത്തിന്റെ ശബ്ദത്തോടൊപ്പം ഭയന്നുള്ള നിലവിളികളും ഈ വീഡിയോയിൽ ഉയർന്ന് കേൾക്കാം. ഇടി മിന്നലേറ്റ ഇരുവരും നിലത്ത് വീഴുന്ന ദൃശ്യവുമുണ്ട്. ഇരുവരുടെയും മരണം സ്ഥിരീകരിച്ച മുൻസിപ്പൽ അധികൃതർ ഇടിമിന്നലിന്റെയും പേമാരിയുടെയും കാര്യത്തിൽ കൂടുതൽ കരുതലെടുക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. മരണമടഞ്ഞവരുടെ കുടുംബത്തോട് നഗര മേയർ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മരിച്ചവരിൽ ഒരാൾ കടൽത്തീരത്ത് തൂക്കു കിടക്കകൾ വിൽക്കുന്ന വ്യക്തിയാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തൊട്ടടുത്ത കോലിമ സംസ്ഥാനത്തുനിന്നും ഉള്ളയാളാണിത്. കൊല്ലപ്പെട്ട വനിത വിനോദസഞ്ചാരി, ഗൗനാജുവാടോ സംസ്ഥനത്തു നിന്നുള്ളതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

മെറ്റ് ഓഫീസിന്റെ അഭിപ്രായ പ്രകാരം ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത ഒരു മില്യനിൽ ഒന്നിൽ താഴെ മാത്രമാണ്. ഏകദേശം മണിക്കൂറിൽ 2,70,000 മൈൽ വേഗത്തിലാണ് ഇടിമിന്നൽ സഞ്ചരിക്കുന്നത്. സാധാരണയായി ഇടിമിന്നലേറ്റവരിൽ പത്ത് ശതമാനത്തോളംപേർ മരണമടയും. കൂടുതൽ പേരും ഹൃദയാഘാതത്താലാണ് മരിക്കുന്നത്. മുറിവ്, പൊള്ളൽ തുടങ്ങിയവ മൂലമുള്ള മരണങ്ങളും വിരളമായെങ്കിലും ഉണ്ട്. ചൂടുള്ള, ഈർപ്പമുള്ള വായു മുകളിലേക്ക് ഉയർന്ന് മുകളിലുള്ള തണുത്ത വായുവുമായി സംയോജിക്കുമ്പോഴാണ് സാധാരണയായി ഇടിമിന്നൽ ഉണ്ടാവുക.