- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ ഇന്ത്യ ഹൗസ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നു; ഏറ്റെടുക്കുന്നത് സവര്‍ക്കര്‍ അടക്കമുള്ളവര്‍ക്ക് ഒരുകാലത്ത് അഭയമരുളിയ ഇടം
ലണ്ടനിലെ ഇന്ത്യ ഹൗസ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
ലണ്ടന്‍: ലണ്ടനിലെ ചരിത്ര പ്രാധാന്യമുള്ള ഇന്ത്യാ ഹൗസ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏറ്റെടുക്കും. വിനായക് ദാമോദര്‍ സവര്‍ക്കര്‍ ഉള്‍പ്പടെയുള്ള നിരവധി സ്വാതന്ത്ര്യ സമരപോരാളികള്‍ക്ക് ഒരുകാലത്ത് അഭയമരുളിയിരുന്ന ഇടമാണിത്. ഇത് ഏറ്റെടുത്ത് ഒരു സ്മാരകമായി സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മഹാരാഷ്ട്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ആഷിഷ് ഷെലാര്‍ പറഞ്ഞു. തന്റെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ, ബ്രിട്ടനിലെ ഇന്ത്യാക്കാരാണ് ചരിത്രപ്രാധാന്യമുള്ള ഈ കെട്ടിടത്തിലേക്ക് തന്റെ ശ്രദ്ധയാകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നാസിക് എം എല്‍ എ ദേവയാനി ഫരാന്‍ഡെയും മറ്റ് ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെട്ട ഒരു അവലോകന യോഗം ബുധനാഴ്ച നടന്നിരുന്നു. പൊതുഭരണം, സാംസ്‌കാരിക വകുപ്പ്, പുരാവസ്തു വകുപ്പ് തുടങ്ങിയവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യാ ഹൗസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ലണ്ടനിലെ ഇന്ത്യാ ഹൗസ് ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് ഒരു സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിറ്റിയോട് നിശ്ചയിച്ചിരിക്കുന്നത്. ഇത് പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സമര്‍പ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്താണ് ഇന്ത്യാ ഹൗസ് പണിതത്. പിന്നീട് അത് ഇന്ത്യന്‍ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഒരു പ്രധാന വേദിയായി മാറി. സവര്‍ക്കര്‍ ഉള്‍പ്പടെ പല നേതാക്കളുമായും ഇതിന് ബന്ധമുണ്ട്.
സ്ഥലം ഏറ്റെടുത്തതിന് ശേഷം സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭണങ്ങളുടെ സ്മാരകമായി ഇതിനെ സൂക്ഷിക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതിന്റെ നിയമവശങ്ങള്‍, സാമ്പത്തിക വശങ്ങള്‍ എന്നിവയ്ക്കൊപ്പം, സംസ്ഥാനത്തിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ വന്നാല്‍ ഇന്ത്യാ ഹൗസിന്റെ ഭരണനിര്‍വ്വഹണ മാതൃക എങ്ങനെയായിരിക്കണം എന്ന കാര്യവും കമ്മിറ്റി വിശദമായി രേഖപ്പെടുത്തും. ഈ വര്‍ഷം ആദ്യം, ലണ്ടനില്‍ നടന്ന ഒരു ലേലത്തില്‍ 47.15 ലക്ഷം രൂപയ്ക്ക്, പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മറാത്താ സൈന്യാധിപന്‍ രഘുജി ഭോന്‍സ്ലെയുടെ ഉടവാള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് നടപടികള്‍ പൂര്‍ത്തിയാക്കി ഇത് മുംബൈയില്‍ എത്തിച്ചത്.




