ലണ്ടന്‍: ശിക്ഷ കഴിഞ്ഞ് മോചിതരാകുമ്പോള്‍ പുറം, ലോകവുമായി എളുപ്പത്തില്‍ ഇണങ്ങിപ്പോകാന്‍ തടവുകാരെ സഹായിക്കുന്നതിനായി ബ്രിട്ടനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഐസ്ലാന്‍ഡ്‌സ് ജയിലിനുള്ളില്‍ സ്റ്റോര്‍ തുറന്നു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ജയിലായ സ്റ്റഫോര്‍ഡ്ഷയര്‍, ഫെതര്‍‌സ്റ്റോണിലെ ഓക്ക്വുഡ് ജയിലില്‍ കഴിഞ്ഞ മാസമായിരുന്നു സ്റ്റോര്‍ തുറന്നത്. പലവ്യഞ്ജനങ്ങള്‍ക്ക് പുറമെ ഷിക്കാഗോ ടൗണ്‍ പിസ, ബെന്‍ ആന്‍ഡ് ജെറീസ് ഐസ് ക്രീം തുടങ്ങിയ ജയിലില്‍ സാധാരണയായി ലഭ്യമല്ലാത്ത ബ്രാന്‍ഡഡ് സാധനങ്ങളും ഇവിടെ ലഭ്യമാക്കുന്നുണ്ട്.

ബ്രിട്ടനില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സ്റ്റോറാണ്. ജയില്‍ വളപ്പിനകത്ത് പണിതിരിക്കുന്ന വലിയ സംഭരണശാലക്കുള്ളിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഐസ്ലാന്‍ഡിന് പുറമെ അവിടെ ഹോപ്പ്ഫുള്‍ ഗ്രൗണ്ട്‌സ് എന്ന് പേരുള്ള ഒരു കോഫി ഷോപ്പ്, പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന സ്റ്റോറ്, അപ് സ്പോര്‍ട്ട്‌സ് എന്ന് പേരുള്ള ഒരു ലീഷര്‍ സ്റ്റോര്‍ എന്നിവയും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സി വിഭാഗത്തില്‍ പെടുന്ന ജയിലില്‍ നല്ല പെരുമാറ്റത്തിന് പ്രതിവാരം 25 പൗണ്ട് വരെ തടവുപുള്ളികള്‍ക്ക് ലഭിക്കും. ഇത് ഐസ്ലാന്‍ഡിലെ പര്‍ച്ചേസിനായി ചെലവാക്കാവുന്നതാണ്.

ഇവിടെ സാധനങ്ങളുടെ വില ഹൈസ്ട്രീറ്റിലെ ഐസ്ലാന്‍ഡ് സ്റ്റോറുകളിലേതിനേക്കാള്‍ കുറവാണ്. ചില തടവുപുള്ളികള്‍ക്ക് ഇവിറ്റെ തൊഴിലവസരവും ഒരുക്കുന്നുണ്ട്. ശിക്ഷയുടെ അന്ത്യഘട്ടത്തിലെത്തിയവര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. ഇത് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പുറം ലോകവുമായി പെട്ടെന്ന് ഇണങ്ങാന്‍ സഹായിക്കുമെന്ന് ഐസ്ലാന്‍ഡ്‌സ് അവകാശപ്പെടുന്നു. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും സ്വകാര്യ കമ്പനികള്‍ നടത്തുന്ന 15 ജയിലുകളില്‍ ഒന്നാണ് ഓക്ക്വുഡ് ജയില്‍. സെക്യൂരിറ്റി സ്ഥാപനമായ ജി 4 എസ് ആണ് ഇത് നടത്തുന്നത്.