റോം: ഇറ്റലിയില്‍ നിന്നും ബ്രിട്ടനിലെക്കുള്ള ഈസിജെറ്റ് വിമാനത്തിനകത്ത് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടത്തി എന്ന് ഒരു യാത്രക്കാരന് നേരെ ആരോപണം ഉയര്‍ന്നിരിക്കുന്നു. നിക്കോള ക്രിസ്റ്റ്യാനോ എന്ന 45 കാരനാണ് പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിനകത്ത് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന് വിധേയമായിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 13 ന് ആയിരുന്നു സംഭവം. ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്നും എഡിന്‍ബര്‍ഗിലേക്കുള്ള യാത്രാ മദ്ധ്യേയാണ് ഇത് നടന്നത്.

ഒരു സ്ത്രീയെ ഇയാള്‍ നിരന്തരം സ്പര്‍ശിക്കുകയും പിന്നീട് അവരെ വലിച്ച് തന്നോടടുപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. അതുകൂടാതെ അയാള്‍ ആ സ്ത്രീയെ ചുംബിച്ചതായും ലൈംഗിക ചുവയോടെ ശരീരഭാഗങ്ങളില്‍ അമര്‍ത്തിയതായും പരാതിയില്‍ പറയുന്നു. അവിടെയും നിര്‍ത്താതെ, ക്രിസ്റ്റിനോ സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കുകയും അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആ സ്ത്രീയെ നിര്‍ബന്ധിക്കുകയും ചെയ്തുവത്രെ.

ഇന്നലെ ഗ്ലാസ്‌ഗോ ഹൈക്കോടതിയില്‍ വെര്‍ച്വല്‍ ആയാണ് ഈ കേസിന്റെ വിചാരണ എത്തിയത്. ക്രിസ്റ്റ്യാനോ കുറ്റം നിഷേധിച്ചു. തുടര്‍ന്ന്, കേസിന്റെ വിചാരണ 2026 ജനുവരിയിലേക്ക് മാറ്റിവെച്ചു. ഏകദേശം നാല് ദിവസത്തോളം വിചാരണയുണ്ടാകും എന്നാണ് കരുതുന്നത്.