ന്യൂയോര്‍ക്ക്: മുന്‍കൂട്ടി അറിയിക്കാതെ ഒരു ചാരിറ്റി ഈവന്റില്‍ തന്റെ പ്രശസ്തയായ സുഹൃത്ത് സറീന വില്യംസിനോടൊപ്പം മേഗന്‍ മെര്‍ക്കല്‍ എത്തിയത് പരിപാറ്റിയില്‍ തടസ്സം സൃഷ്ടിച്ചുവെന്ന് ഹാരി സ്ഥാപിച്ച ചാരിറ്റി സെന്റേബേലിന്റെ ചെയര്‍പേഴ്സണ്‍ ഡോക്ടര്‍ സോഫി ചാന്‍ഡുക ആരോപിക്കുന്നു. ഏറെ വിവാദമായ അഭിമുഖത്തില്‍ ഹാരിക്കും മേഗനും എതിരെ നിരവധി ഗുരുതര ആരോപണങ്ങളാണ് ഡോ. സോഫി ഉന്നയിച്ചിരിക്കുന്നത്. അവരുടെ ബ്രാന്‍ഡ് വിഷലിപ്തമാണെന്ന് പറഞ്ഞ സോഫി, ഹാരി തന്നെ ഉപദ്രവിച്ചുവെന്നും അവഹേളിച്ചുവെന്നും ആരോപിച്ചു.

ചാരിറ്റി 2024 ല്‍ സംഘടിപ്പിച്ച പോളോ ഈവന്റില്‍ പങ്കെടുക്കാനാവില്ലെന്ന് മേഗന്‍ സ്ഥിരീകരിച്ചിരുന്നതായി ഡോ. സോഫി പറയുന്നു. എന്നാല്‍, മത്സരം തുടങ്ങുന്നതിന് തൊട്ടു മുന്‍പായി ടെന്നീസ് ഇതിഹാസം സെറീന വില്യംസുമായി വേദിയില്‍ മേഗന്‍ എത്തുകയായിരുന്നെന്നും അവര്‍ ആരോപിക്കുന്നു. വേദിയില്‍ വലിയ ബഹളം തന്നെ സൃഷ്ടിച്ച മേഗന്‍, ഡോക്ടര്‍ സോഫിയോട് ഹാരിയുടെ അടുത്തു നിന്ന് ഫോട്ടോക്ക് പോസ് ചെയ്യരുതെന്നും ആവശ്യപ്പെട്ടുവത്രെ.

ഹാരിയുടെ വലതുഭാഗത്തായി നിന്നിരുന്ന സോഫിയോട് അവിടെ നിന്നും മാറി തന്റെ ഇടതുഭാഗത്തായി നില്‍ക്കാന്‍ മേഗന്‍ രണ്ടു തവണ ആവശ്യപ്പെട്ടുവത്രെ. ഹാരിയെ കെട്ടിപ്പിടിച്ച് നിന്ന മേഗനില്‍ നിന്നും അകലം സൂക്ഷിക്കുവാനും മേഗന്‍ ആവശ്യപ്പെട്ടു. ഇതോടെ വേദിയിലുള്ളവര്‍, പോസ് ചെയ്യാനുള്ള തത്രപ്പാടില്‍ നല്ലൊരു ഇടം കണ്ടെത്താനായി തിരക്ക് കൂട്ടാന്‍ തുടങ്ങി. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ മെഗനെ അനുകൂലിച്ച് പ്രസ്താവന ഇറക്കാന്‍ ഹാരി തന്നോട് ആവശ്യപ്പെട്ടുവെന്നും, താന്‍ അത് നിരാകരിച്ചുവെന്നും സോഫി പറഞ്ഞു.