ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍ഡ്‌സിനെ മൊത്തം ഞെട്ടിച്ച ദുരഭിമാന കൊലയില്‍ പ്രതിക്ക് 30 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. സ്വന്തം മകളെ ഇയാള്‍ കൈകാലുകള്‍ ബന്ധിച്ച് മുക്കിക്കൊല്ലുകയായിരുന്നു. റിയാന്‍ എന്ന 18 കാരിയുടെ മൃതദേഹം, ഒരു ദേശീയ ഉദ്യാനത്തിനു സമീപമുള്ള പൊട്ടക്കുളത്തില്‍ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഇവരുടെ പിതാവായ ഖാലീദ് അല്‍ നജ്ജാര്‍ എന്ന 53 കാരന്‍ രാജ്യം വിട്ടിരുന്നു. ഇയാള്‍ ഇപ്പോള്‍ സിറിയയില്‍ ഒളിവിലാണ് എന്നാണ് അറിയുന്നത്.

ഇയാളുടെ ആണ്‍മക്കളായ 25 കാരന്‍ മുഹനാദും, 23 കാരന്‍ മൊഹമ്മദും സംഭവത്തില്‍ പ്രതികളാണെന്ന് കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും 20 വര്‍ഷം വീതം തടവ് വിധിച്ചു. എന്നാല്‍, മൂത്ത മകനായ മുഹനാദ് മാത്രമെ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരുണ്ടായിരുന്നുള്ളു. ഇയാളുടെ ഇളയ സഹോദരന്‍ ഇപ്പോള്‍ ജയിലിലാണ്. കോടതിയില്‍ വരാന്‍ താത്പര്യമില്ലാത്തതിനാല്‍ ജയിലിനുള്ളിലിരുന്ന് തന്നെ വിധി കേള്‍ക്കുകയായിരുന്നു. മുനഹാദിനെ കേസുമായി ബന്ധിപ്പിക്കാന്‍ നേരിട്ട് തെളിവുകള്‍ ഇല്ലെന്നും വിധിക്കെതിരെ അപ്പീലിന് പോകുമെന്നും മുനഹാദിന്റെ അഭിഭാഷകന്‍ അറിയിച്ചു.

കുടുംബത്തില്‍ നിന്നുള്ള കര്‍ക്കശമായ ഉത്തരവുകള്‍ ലംഘിച്ച് പാശ്ചാത്യ ജീവിതശൈലി പിന്തുടര്‍ന്നതാണ്‍ഭ റിയാനെ വധിക്കാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത് എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ശിരോവസ്ത്രം ധരിക്കാന്‍ വിസമ്മതിക്കുകയും, ആണ്‍കുട്ടികളുമായി സംസാരിക്കുകയും ചെയ്തത് കുടുംബാംഗങ്ങളെ പ്രകോപിതരാക്കി. മുഖത്ത് മേയ്ക്കപ്പ് ഒക്കെയായി, ശിരോവസ്ത്രം ഇല്ലാതെ തന്നെ റിയാന്‍ ചെയ്ത ഒരു ടിക്ടോക്ക് വീഡിയോയാണ് കൊലപാതകത്തിനുള്ള പെട്ടെന്നുള്ള കാരണമായതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.