താഷ്‌കെന്റ്: മൂന്ന് വര്‍ഷം മുന്‍പ് ഉസ്ബക്കിസ്ഥാനിലെ ഒരു സൂവിലെ കരടിക്കൂട്ടിലേക്ക് സ്വന്തം മകളെ വലിച്ചെറിഞ്ഞ അമ്മ, ഇപ്പോള്‍ അതേ മകളെ കുത്തിക്കൊന്നു എന്ന കുറ്റത്തിന് അറസ്റ്റിലായിരിക്കുകയാണ്. 2022 ല്‍ അന്ന് മൂന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകളെ സിലോല ടുല്യഗനോവ എന്ന 34 കാരി ടാഷ്‌കന്റ് സൂവിലെ കരടിക്കൂട്ടിലേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കൊലപാതക ശ്രമത്തിന് അന്ന് സിലോലയുടെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തിരുന്നെങ്കിലും, അന്വേഷണത്തിനു ശേഷം അത് തള്ളിക്കളയുകയായിരുന്നു.

ഇപ്പോള്‍, ഏഴ് വയസ്സുള്ള അതേ മകളെ കുത്തിക്കൊന്നു എന്ന സംശയത്തിലാണ് അവര്‍ അറസ്റ്റിലായിരിക്കുന്നത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ടാണത്രെ സറീന എന്ന 7 വയസ്സുകാരിയെ കൊലപ്പെടുത്തിയത്.കഴുത്തിലാണ് കുത്തേറ്റിരിക്കുന്നത്, കുട്ടിയുടെ മുത്തച്ഛന്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തീയ പോലീസാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

2022 ല്‍ 16 അടി താഴ്ചയില്‍ ഉള്ള കരടി സങ്കേതത്തിലെ അര മതിലിനു മുകളില്‍ ഇരുത്തിയ കുഞ്ഞിനെ ആളുകള്‍ നോക്കി നില്‍ക്കെ തന്നെ ഇവര്‍ താഴേക്ക് എറിയുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. അപ്പോള്‍ അവിടെയുണ്ടായിരുന്ന കരടി ഈ കുഞ്ഞിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. എന്നാല്‍, ഒരു മഹാ അദ്ഭുതം എന്നതുപോലെ, ആ കുഞ്ഞിനെ ഒന്ന് മണത്തു നോക്കിയ ശേഷം, ഒരു കുഞ്ഞു പോറല്‍ പോലും ഏല്‍പ്പിക്കാതെ കരടി ദൂരേയ്ക്ക് മാറിപോവുകയായിരുന്നു. ഉടനടി സൂവിലെ ജീവനക്കാര്‍ എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്.