കാഠ്മണ്ഡു: നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച കലാപം തുടരുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുതിയസര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നത് വരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതലയുള്ള സൈന്യത്തിന്റേതാണ് പ്രഖ്യാപനം. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാനാണ് സൈന്യത്തിന്റെ നിര്‍ദേശം. ഇപ്പോഴുള്ള നിരോധനാജ്ഞ ബുധന്‍ വൈകിട്ട് അഞ്ചോടെ അവസാനിച്ച ശേഷം കര്‍ഫ്യൂ നിലവില്‍വരും. വ്യാഴം രാവിലെ ആറുവരെയാണ് കര്‍ഫ്യൂ.

നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ശ്രവസ്തി, ബല്‍റാംപുര്‍, ബഹ്റൈച്ച്, പിലിഭിത്ത്, ലഖിംപുര്‍ഖേരി, സിദ്ധാര്‍ഥനഗര്‍, മഹാരാജ്ഗഞ്ജ് എന്നീ ജില്ലകളില്‍ 24 മണിക്കൂര്‍ കര്‍ശന പട്രോളിങ് നടത്താന്‍ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

നേപ്പാളിലുള്ള ഇന്ത്യക്കാര്‍ നിലവിലുള്ള സ്ഥലത്തുതന്നെ തുടരണമെന്നും ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി അടച്ചിട്ടില്ലെങ്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അടിയന്തരസാഹചര്യമുണ്ടായാല്‍ നേപ്പാളിലെ +977 - 980 860 2881, +977 - 981 032 6134 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.