ന്യൂമെക്‌സിക്കോ: ആറു കുട്ടികളെ അതിക്രൂരമായി പീഡിപ്പിക്കുകയും ദിവസങ്ങളോളം പട്ടിണിക്കിടുകയും ചെയ്ത മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂ മെക്‌സിക്കോ സ്വദേശികളായ കമിതാക്കളായ സ്ത്രീകളാണ് അറസ്റ്റിലായത്. സ്വന്തം മക്കളെയും വളർത്തു മക്കളേയും അടക്കം ആറു കുട്ടികളെ പീഡിപ്പിച്ച ജയ്മി കുഷ്മാൻ (37), ജാമി സേന (29), ലോറ മെലൻകോൻ (41) എന്നവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

കമിതാക്കളായിരുന്ന ഇവരുടെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ ജയ്മി കുഷ്മാന്റെ മുൻ കാമുകിയാണ് ജാമി സേന. ലോറ മെലൻകോൻ ജയ്മി കുഷ്മാനുമായി പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവർ ഓരോ കാലഘട്ടത്തിൽ ആയിരുന്നു ഒരുമിച്ചുണ്ടായിരുന്നത്. ഇതിനിടെയാണ് കുട്ടികളെ ശ്രദ്ധിക്കാതെ ജീവിക്കുകയും അവരെ മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്നാണ് കോടതി രേഖകളിൽ പറയുന്നത്.

രണ്ടു പ്രതികൾക്ക് ഇരുപതിലേറെ വകുപ്പുകൾ വീതം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നു പേർക്കും ചേർന്ന് 50 ലേറെ വകുപ്പുകളാണ് പൊലീസ് ചുമത്തിയതെന്ന് ലോ ആൻഡ് ക്രൈം റിപ്പോർട്ട് ചെയ്തു. ഇവർ കുട്ടികളെ പീഡിപ്പിക്കുന്നതിന് സാക്ഷിയായ വ്യക്തി ശിശുക്ഷേമ അധികാരികളെ വിവരം അറിയിച്ചതോടെയാണ് കൊടിയ പീഡനത്തിന്റെ കഥകൾ പുറം ലോകമറിഞ്ഞത്.

2013 മുതൽ കുഷ്മൻ കുട്ടികളെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന കാലത്ത് കുട്ടികൾ ആരും തന്നെ സ്‌കൂളിൽ പോയിരുന്നില്ല. ഇഴർ കുട്ടികളെ ക്രൂരമായി മർദ്ദിച്ചിരുന്നു. കുഷ്മാൻ ചില മുതിർന്ന കുട്ടികളെ ചെറിയ മൺവെട്ടി കൊണ്ട് അടിച്ചതായി പറയുന്നു. ഇടയ്ക്കിടെ അവരുടെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നു. കുട്ടികളെ സ്‌കൂളിലേക്കോ വീടിന് പുറത്തേക്കോ അയക്കാതിരുന്നതിനാൽ ഈ വിവരമൊന്നും പുറം ലോകം അറിഞ്ഞിരുന്നതുമില്ല. കുട്ടികളുടെ മുഖത്തും ഇവർ മർദ്ദിച്ചതായി പരാതിയുണ്ട്. പ്രതികൾ പലപ്പോഴും കുട്ടികൾക്ക് ഭക്ഷണം തടഞ്ഞുവെച്ചതായും രേഖകൾ ആരോപിക്കുന്നു.

രണ്ടു കുട്ടികളെ ഒരു രാത്രിയോ അതിൽ കൂടുതൽ ദിവസങ്ങളോ കിടക്കയിൽ ചങ്ങലയിട്ടിരുന്നുവെന്ന് രേഖകളിൽ പറയുന്നു. ചിലപ്പോൾ ഇത് ദിവസങ്ങളോളം നീണ്ടു പോയിരുന്നു. പലപ്പോഴും ഭക്ഷണവും നൽകിയിരുന്നില്ല. കൊടും തണുപ്പുള്ള കാലാവസ്ഥയിൽ പട്ടിക്കൂട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം അതിന്റെ മൂലയ്ക്ക് നിൽക്കാൻ നിർബന്ധിതരാക്കാറുണ്ടെന്നും പറയുന്നു. പ്രതികൾ കുട്ടികളുടെ മേൽ ചുമത്തിയിരുന്ന കടുത്ത ശിക്ഷാരീതികളുടെ ദൃശ്യങ്ങൾ പ്രോസിക്യൂട്ടേഴ്‌സ് കോടതിയിൽ ഹാജരാക്കി. വീട്ടിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിവ. കുട്ടികളുടെ നിലവിളി ശബ്ദവും ഛർദിയിൽ കിടക്കുന്ന കുട്ടികളെയും വൃത്തിയില്ലാതെ ഭക്ഷണം നൽകുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ന്യൂ മെക്സിക്കോയിലെ ടെക്സിക്കോയിലെ വസതിയിൽ വർഷങ്ങളായി പീഡനം നടന്നിരുവെന്നാണ് പറയുന്നത്. ഇതിനു സാക്ഷിയായ വ്യക്തിയാണ് ശിശുക്ഷേമ അധികാരികളെ വിവരം അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കറി കൗണ്ടി ജയിലിലാണ് പ്രതികൾ കഴിയുന്നത്. കുട്ടികൾ എല്ലാവരും ഇപ്പോൾ സുരക്ഷിതരാണ്.