ലണ്ടൻ: ബ്രിട്ടനിൽ കുടിയേറ്റത്തിന് എതിരായ വികാരം ശക്തമാകവേ ഒരു വിവാദം കൂടി. ലേബർ എം പിമാരുടെ സഹായത്തോടെ നിയമനടപടികളുമായി മുൻപോട്ട് പോയി നാടകടത്തലിനെ അതിജീവിച്ച ഒരു ക്രിമിനൽ ഇപ്പോൾ കൊലപാതക കേസിൽ പിടിയിലായതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. 2020- ൽ ഡിസംബർ മാസത്തിൽ ഇയാളെ സ്വദേശമായ ജമൈക്കയിലേക്ക് നാടുകടത്താൻ ഇരുന്നതായിരുന്നു. എന്നാൽ, അവസാന നിമിഷത്തിലെ മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടൽ അത് വൈകിപ്പിച്ചു.

എന്നാൽ, നാടുകടത്തൽ ഒഴിവാക്കി ആറു മാസത്തിനു ശേഷം 2021 ജൂണിൽ ഇയാൾ ഒരു 35 കാരനെ മൃഗീയമായി കുത്തിക്കൊല്ലുകയായിരുന്നു. ഈ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്ന് ഇയാൾ 26 വർഷത്തെ തടവിന് ശിക്ഷിച്ചതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഏണസ്റ്റോ എലിയട്ട് എന്ന് ഈ ജമൈക്കൻ പൗരനെ കഴിഞ്ഞമാസമായിരുന്നു ശിക്ഷക്ക് വിധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഏകദേശം എട്ട് മിനിറ്റോളം നീണ്ടു നിന്ന കൈയാങ്കളിക്ക് ഒടുവിലായിരുന്നു ഇയാൾ 35 കാരനെ കൊന്നത്.. അന്ന് ആദ്യമായി തീരുമാനിച്ച സമയത്ത് തന്നെ അയാളെ നാട്ടിലേക്ക് മടക്കി അയച്ചിരുന്നെങ്കിൽ ഈ കൊലപാതകം ഒരിക്കലും നടക്കില്ലായിരുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ പറയുന്നത്. നാടുകടത്തൽ തടയാൻ ശ്രമിക്കുന്നവർ എത്രമാത്രം അപകടം വരുത്തിവയ്ക്കുന്നു എന്നതിന് തെളിവാണ് ഈ കേസെന്ന് അന്ന് എലിയട്ടിനെ നാറ്റുകടത്താൻ മുൻകൈ എടുത്ത മുൻ ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറയുന്നു.

2020 ഡിസംബർ 2 ന് എലിയട്ടും മറ്റ് 22 ക്രിമിനലുകളും ഒരു ചാർട്ടർ വിമാനത്തിൽ യാത്രയാകുവാൻ ഇരുന്നതായിരുന്നു. എന്നാൽ, അവസാന നിമിഷത്തിൽ ഇവർ മനുഷ്യാവകാശങ്ങൾ ഉൾപ്പടെയുള്ളവ ഉന്നയിച്ച് നിയമനടപടി ൻസ്വീകരിക്കുകയായിരുന്നു. പിന്നീട് 2021 ജൂൺ 2 ന് തെക്ക് കിഴക്കൻ ലണ്ടനിൻലെ ഗ്രീൻവിച്ചിൽ പട്ടാപകൽ ആയിരുന്നു എലിയട്ട് ഒരു വഴിപോക്കനുമായി കലഹത്തിൽ ഏർപ്പെടുന്നതും കൊലപ്പെടുത്തുന്നതും. മയക്കു മരുന്നുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കൊലപാതകത്തിൽ എത്തിയത്.

പരിസരത്ത് ഉണ്ടായിരുന്നവർ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ ഇയാളും, ഇയാളുടെ മകനും മറ്റൊരാളും ചേർന്ന്നീണ്ട വാളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ഇരയെ ആക്രമിക്കുന്നത് കാണാം. ഇയാൾക്ക് 26 വർഷത്തെ തടവ് ശിക്ഷ ലഭിച്ചപ്പോൾ മകന് 22 വർഷത്തെ ശിക്ഷ ലഭിച്ചു. ഇരയെ കവർന്ന് അയാളിൽ നിന്നും മയക്കുമരുന്നും പണവും കൈവശപ്പെടുത്തുകയായിരുന്നു അച്ഛനും മകനും എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.