റിയാദ്: ഗൾഫ് രാജ്യങ്ങളിൽ നിയമവിധേയമായി താമസിക്കുന്ന വിദേശികളുടെ അടുത്ത കുടുംബാംഗങ്ങൾക്ക് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ വരാമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദി ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് കുടുംബാംഗങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിലെ റസിഡന്റ് തിരിച്ചറിയൽ രേഖ വേണമെന്ന് നിർബന്ധമില്ല. കുടുംബാംഗങ്ങൾ അതാത് ഗൾഫ് രാജ്യത്ത് സന്ദർശന വിസയിലാണെങ്കിൽ പോലും അവർക്ക് സൗദി ടൂറിസ്റ്റ് വിസ ലഭിക്കും. എന്നാൽ ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കൂടെ മാത്രമേ അവർക്ക് സൗദിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ.

ആദ്യം ഗൾഫ് റസിഡന്റ് വിസയുള്ള പ്രവാസിയാണ് ഓൺലൈനിൽ സൗദി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കേണ്ടത്. ശേഷം അടുത്ത കുടുംബാംഗങ്ങൾക്ക് വേണ്ടി അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വിസ അപേക്ഷകൾ പൂർത്തിയാക്കണം. ഗൾഫ് രാജ്യങ്ങളിൽ നിയമവിധേയമായി കഴിയുന്ന എല്ലാവർക്കും അവരുടെ പ്രൊഫഷൻ മാനദണ്ഡമാക്കാതെ സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.