ദോഹ: ഖത്തറിൽ കഴിഞ്ഞ ബുധനാഴ്ച ബഹുനില അപ്പാർട്ട്‌മെന്റ് കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. മരിച്ചവരിൽ ആറ് പേരും ഇന്ത്യക്കാരാണ്. ഇവരിൽ തന്നെ നാല് പേർ മലയാളികളുമാണ്.

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടിയാണ് ഏറ്റവുമൊടുവിൽ കണ്ടെടുത്തത്. ഇവർ രണ്ട് പേരും പാക്കിസ്ഥാൻ സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാവിലെ 8.30ഓടെ ദോഹ മൻസൂറയിൽ നാല് നില അപ്പാർട്ട്‌മെന്റ് കെട്ടിടം തകർന്നുവീണത്. മരിച്ച മറ്റ് അഞ്ച് പേർ പാക്കിസ്ഥാൻ പൗരന്മാരാണ്.

മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദൂട്ടി (45), മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് ഫൈസൽ, മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിൽ (44), കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് (38) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. ഇവർക്ക് പുറമെ ജാർഖണ്ഡ് സ്വദേശിയായ ആരിഫ് അസീസ് മുഹമ്മദ് ഹസൻ (26), ആന്ധ്രാപ്രദേശ് ചിരാൻപള്ളി സ്വദേശി ശൈഖ് അബ്ദുൽനബി ശൈഖ് ഹുസൈൻ (61) എന്നിവർക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായി.