ലണ്ടൻ: സഹോദരനായ ചാൾസ് രാജാവുമായി ഏറ്റുമുട്ടാൻ തന്നെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് രാജപദവികളിൽ നിന്നും നിഷ്‌കാസിതനായ ആൻഡ്രൂ രാജകുമാരൻ. വിൻഡ്സർ എസ്റ്റേറ്റിലെ താൻ താമസിക്കുന്ന റോയൽ ലോഡ്ജ് ഒഴിഞ്ഞു കൊടുക്കാൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി താൻ താമസിക്കുന്ന 30 മുറികൾ ഉള്ള വീട് ഒഴിഞ്ഞു തരില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ആൻഡ്രൂ രാജകുമാരൻ.

അതേസമയം മുൻ ഭാര്യ സാറ ഫെർഗുസണിനൊപ്പം ആൻഡ്രു താമസിക്കുന്ന വീട് ഒഴിഞ്ഞു തന്നേ മതിയാകൂ എന്ന് വാശിപിടിക്കുകയാണ് ചാൾസ് രാജാവും. പകരം ഹാരിയും മേഗനും താമസിച്ചിരുന്ന, താരതമ്യേന ചെറിയ ഫ്രോഗ്മോർ കോട്ടേജിലേക്ക് താമസം മാറ്റാനാണ് ആൻഡ്രുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരിക്കൽ, എലിസബത്ത് രാജ്ഞിയുടെ അമ്മ താമസിച്ചിരുന്ന റോയൽ ലോഡ്ജ് വില്യം രാജകുമരന് വേണ്ടിമാറ്റിവെച്ചിരിക്കുകയാണെന്നത് പരക്കെ അറിയപ്പെടുന്ന കാര്യവുമാണ്.

എലിസബത്ത് രാജ്ഞി ആൻഡ്രുവിന് അനുവദിച്ചിരുന്ന 2.5 ലക്ഷം പൗണ്ടിന്റെ സബ്സിഡി ചാൾസ് സ്ഥനമേറ്റതോടെ നിർത്തലാക്കിയിരുന്നു. അതോടെ ഇത്രയും വലിയ ഒരു വീട് പരിപാലിക്കുക എന്നത് ആൻഡ്രുവിനെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമായി മാറി. അതിനു തൊട്ടുപിന്നാലെയാണ് ഫ്രോഗ്മോർ കോട്ടേജിലേക്ക് മാറാൻ ആവശ്യപ്പെട്ടത്.

എന്നാൽ, ആൻഡ്രു ആവശ്യപ്പെടുന്നത് ചാൾസ് രാജാവുമായി മുഖാമുഖ ചർച്ച നടത്തണം എന്നാണ്. ശതകോടീശ്വരനായ കുട്ടിപ്പീഡകൻ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പുറത്ത്, ലൈംഗികാപവാദ കേസിൽ കുരുങ്ങിയ ആൻഡ്രു എന്തുവന്നാലും റോയൽ ലോഡ്ജ് ഒഴിഞ്ഞു പോകില്ലെന്ന് വാശി എടുക്കുകയാണെന്നാണ് ആൻഡ്രുവിന്റെ സുഹൃത്തുക്കൾ പറയുന്നത്.

ഇപ്പോൾ കിരീടധാരണ ചടങ്ങുകൾ കൂടി കഴിഞ്ഞ സ്ഥിതിക്ക് രാജാവ് കൂടുതൽ കർശനമായ നടപടികൾ കൈക്കൊള്ളുമെന്നാണ് ആൻഡ്രു ഭയക്കുന്നത്. വാട്ടർ കണക്ഷൻ ഉൾപ്പടെയുള്ളവ വിച്ഛേദിക്കുമോ എന്നു വരെ ആൻഡ്രു ഭയക്കുന്നു. എന്നാൽ, തങ്ങൾ മനുഷ്യരുമായി ആണ് ഇടപെടുന്നതെന്നും കെട്ടിടങ്ങളുമായിട്ടല്ലെന്നും കൊട്ടാരം വൃത്തങ്ങൾ പറയുന്നു. ആൻഡ്രുവും മുൻ ഭാര്യ സാറ ഫെർഗുനുമാണ് ഇപ്പോൾ ഇവിടെ താമസം. മക്കൾ ബിയാട്രീസും യൂജിനും ഇടക്കിടെ സന്ദർശകരായി എത്താറുമുണ്ട്.

ഹാരിയേയും മേഗനേയും ഒഴിപ്പിച്ച ശേഷം ഫ്രോഗ്മോർ കോട്ടേജ് കൂടുതൽ ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിതിട്ടുണ്ട്. എന്നിരുന്നാലും അവിടേക്ക് മാറാൻ ആൻഡ്രുവിന് താത്പര്യമില്ല.. റോയൽ ലോഡ്ജിന്റെ കാര്യം ഉദ്യോഗസ്ഥരുമായി എന്തിന് ചർച്ച ചെയ്യണം എന്നാണ് ആൻഡ്രുവിന്റെ നിലപാട്. സഹോദരങ്ങൾ തമ്മിൽ നേരിട്ട് ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും ആൻഡ്രു ആവശ്യപ്പെടുന്നു.