ലണ്ടൻ: പങ്കാളി ഒരു കുഞ്ഞിന് ജീവൻ നൽകുന്നത് ഒരു പുരുഷനെ സംബന്ധിച്ച് ഏറ്റവും വികാരപരമായ ഒരു മുഹൂർത്തമാണ്. അടുത്തിടെ വിവാഹം കഴിച്ച ഏഡ്വേർഡ് വാട്സൺ-വിംഗിനും അത് അങ്ങനെ തന്നെയായിരുന്നു. മാത്രമല്ല, ഭാര്യ മേഗന്റെ പ്രസവം ഏറെ സങ്കീർണ്ണമാവുകയും 22 മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ സിസേറിയൻ ആവശ്യമായി വരികയും ചെയ്തപ്പോൾ അയാൾ അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് പ്രാർത്ഥിച്ചു.

26 കാരിയായ മേഗനും അത് ഒരു കടുത്ത പരീക്ഷണം തന്നെയായിരുന്നു. ഏതായാലും അവസാനം സിസേറിയനിലൂടെ മേഗൻ മിടുക്കനായ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. എന്നാൽ, ഇപ്സ്വിച്ചിലെ തങ്ങളുടെ വീട്ടിലേക്ക് അവർ ആ കുട്ടിയെ കൊണ്ടുവന്നില്ല. അതിനു പകരമായി ആ കുട്ടിയെ അവന്റെ ഭാവി രക്ഷകർത്താക്കൾക്ക് കൈമാറുകയായിരുന്നു.

സ്വവർഗ്ഗപ്രേമികളായ രണ്ട് പുരുഷന്മാരാണ് ഇനി ആ കുട്ടിയുടെ മാതാപിതാക്കൾ.വർഷങ്ങളായി ഒരുകുഞ്ഞിനെ വേണം എന്ന് ആഗ്രഹിച്ചിരുന്നവർ. ഇത് ഒരു അസാധാരണ സംഭവം ഒന്നുമല്ല., അനൗദ്യോഗിക കണക്കുകൾ അനുസരിച്ച്, യു കെയിൽ ഓരോ വർഷവും 400 മുതൽ 450 കുട്ടികൾ വരെയാണ് വാടകക്കെടുത്ത ഗർഭപാത്രങ്ങളിൽ വളരുന്നത്. എന്നാൽ മേഗന്റെ കാര്യം വ്യത്യസ്തമാകുന്നത് മറ്റൊരു തരത്തിലാണ്.

സാധാരണയായി ഗർഭ പാത്രം നൽകാൻ തയ്യാറുള്ളവർ, സ്വന്തമായി കുടുംബം ഉള്ളവർ ആയിരിക്കും. എന്നാൽ, മേഗന് കുട്ടികൾ ഇല്ലെന്നു മാത്രമല്ല, കുട്ടികൾ ഉണ്ടാകണമെന്ന ആഗ്രഹവും ഇല്ലായിരുന്നു. എന്നിട്ടും മറ്റുള്ളവരുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി മേഗൻ അതിനൊരുങ്ങുകയായിരുന്നു. ബിസിനസ്സുകാരനായ ഭർത്താവ് എഡ്വേർഡിന്റെ എല്ലാ പിന്തുണയും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു താനും.

വിവാഹത്തിനെത്തിയപ്പോൾ ആരാന്റെ കുഞ്ഞിനെയും വയറിൽ ചുമന്നാണ് മേഗൻ എത്തിയത്. ഏഴു മാസം ഗർഭമായിരുന്നു അന്ന്. എന്നാൽ, മേഗന്റെ തീരുമാനത്തെ പൂർണ്ണമായി പിന്തുച്ച എഡ്വേർഡിന് അതൊരു പ്രശ്നമായില്ല. പിന്നീടുള്ള പരിശോധനകൾക്കും ശുശ്രൂഷകൾക്കുമെല്ലാം അയാൾ തന്നെയായിരുന്നു ഭാര്യയെ കൊണ്ടുപോയിരുന്നു. യു കെയിൽ ഗർഭപാത്രം നൽകുന്നതിന് (സറോഗസി) പണമീടാക്കുന്നത് നിയമ വിരുദ്ധമാണ്. മേഗന് പ്രതിമാസ ചെലവിനുള്ള ഒരു തുകമാത്രമായിരുന്നു കുഞ്ഞിന്റെ അവകാശികൾ നൽകിയിരുന്നത്.

ഒരു കുഞ്ഞിക്കാലു കാണാൻ തന്റെ മാതാപിതാക്കൾ ഏറെ കഷ്ടപ്പെട്ട കാര്യമൊക്കെ ഉപബോധ മനസ്സിൽ ഇപ്പോഴും ഒളിഞ്ഞു കിടക്കുന്നതുകൊണ്ടായിരിക്കാം തനിക്ക് ഇതിന് മുതിരാൻ തോന്നിയതെന്ന് മേഗൻ പറയുന്നു. എന്നാൽ, സ്വന്തമായി ഒരു കുഞ്ഞ് വേണമെന്ന് ഇതുവരെ തോന്നിയിട്ടില്ല എന്നും അവർ പറഞ്ഞു. കുട്ടികൾ വേണ്ടെന്ന അഭിപ്രായക്കാരനാണ് എഡ്വേർഡും. ഈ സമാനതയാണ് തങ്ങളുടെ വിവാഹത്തിൽ കലാശിച്ചതെന്നും മേഗൻ പറഞ്ഞു.