ടെഗുസിഗാൽപ: ഹോണ്ടുറാസ് തലസ്ഥാന നഗരത്തിൽ നിന്നും അമ്പത് കിലോമീറ്റർ അകലെ വനിതാ ജയിലിൽ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ 41 പേർ മരിച്ചു. തലസ്ഥാന നഗരമായ ടെഗുസിഗാൽപയിൽ നിന്ന് 50 കിലോമീറ്റർ (30 മൈൽ) വടക്കുപടിഞ്ഞാറ് താമരയിലെ ജയിലിൽ നടന്ന സംഭവത്തിൽ 15 പേർ വെടിയേറ്റും കുത്തേറ്റുമാണ് മരണപ്പെട്ടത്. ബാക്കിയുള്ളവർ വെന്തുമരിക്കുകയുമായിരുന്നു.

ഏഴൂ തടവുകാർ ടെഗുസിഗാൽപ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ നീക്കം ചെയ്യുന്ന ഫോറൻസിക് സംഘം 41 പേരുടെ എണ്ണം സ്ഥിരീകരിച്ചതായിട്ടാണ് വിവരം. ഒരു സെൽ ബ്ലോക്ക് തകർത്ത് മറ്റ് തടവുകാരെ വെടിവെച്ച് കൊല്ലുകയോ തീകൊളുത്തുകയോ ചെയ്തെന്നാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്.

കുപ്രസിദ്ധ ബാരിയോ 18 സംഘത്തിൽ പെട്ടവരാണ് ജയിലിലെ കൂടുതൽ തടവുകാരും. ജയിലിന്റെ നിയന്ത്രണവും ഇവരുടെ കയ്യിലാണ്. തോക്കുകളും മറ്റ് ആയുധങ്ങളും വ്യാപകമായി ഇവർ ജയിലിലേക്ക് കടത്താറുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബാരിയോ 18 സംഘത്തെ ഭയന്നാണ് ജയിലിൽ മറ്റുള്ളവർ കഴിയുന്നതെന്ന് ജയിലിലെ തടവുകാർ പറഞ്ഞതായി മരിച്ച തടവുകാരുടെ ഏതാനും ബന്ധുക്കൾ പറഞ്ഞു. അക്രമ ബാധിതമായ രാജ്യത്ത് ജയിൽ നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. തടവുകാരുടെ ഉത്കണ്ഠാകുലരും രോഷാകുലരുമായ ഡസൻ കണക്കിന് ബന്ധുക്കളാണ് ജയിലിന് പുറത്ത് തടിച്ചുകൂടിയത്.

അതേസമയം അഴിമതിക്കും അക്രമത്തിനും പേരുകേട്ട ഹോണ്ടുറാസിൽ മാരകമായ ജയിൽ കലാപങ്ങൾ ഹോണ്ടുറാസിന്റെ ആവർത്തിച്ചുള്ള പ്രശ്നങ്ങളിലൊന്നാണ്. 2019-ൽ വടക്കൻ തുറമുഖ നഗരമായ തേലയിലെ ജയിലിൽ നടന്ന അക്രമത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു.