ലണ്ടൻ: ഒരു അമ്മയേയും രണ്ട് മക്കളെയും ചുട്ടുകൊന്ന കൊലയാളി പൊലീസിനെ നോക്കി കുസൃതിച്ചിരി ചിരിക്കുന്ന അറപ്പുളവാക്കുന്ന വീഡിയോ ദൃശ്യം പുറത്തു വന്നു. നോട്ടിങ്ഹാമിലെ ക്ലിഫ്ടണിലുള്ള ഫടൗമാറ്റ ഹൈദര എന്ന സ്ത്രീയേയും അവരുടെ രണ്ട് മക്കളെയുമാണ് അയൽവാസിയായ ജാമി ബാരോ എന്ന 31 കാരൻ വീടിന് തീവെച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം നവംബർ 20 ന് ആയിരുന്നു സംഭവം. തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന ബാരോയും ഈ കുടുംബവുമായി മാലിന്യങ്ങൾ ഇടനാഴിയിൽ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് തർക്കം നിലവിലുണ്ടായിരുന്നു.

വീടിന് തീ വെച്ച ശേഷം അകത്തു നിന്നുവരുന്ന നിലവിളിയൊച്ചകൾക്ക് കാതോർക്കാതെ അയാൾ അത് നോക്കി നിന്നു എന്നായിരുന്നു ഇന്നലെ നോട്ടിങ്ഹാമിലെ ക്രൗൺ കോടതിയിൽ വിചാരണക്ക് വന്നപ്പോൾ പ്രോസിക്യുട്ടർമാർ പറഞ്ഞത്. അൽപനേരത്തിനു ശേഷം ഒന്നും സംഭവിക്കാത്തതുപോലെ അയാൾ നടന്നു നീങ്ങി എന്നും കോടതിയിൽ പറഞ്ഞു. വീടിനകത്ത് കുടുങ്ങിയ കുടുംബം ദാരുണമായി വെന്തു മരിക്കുകയായിരുന്നു.

ഇന്നലെ പുറത്ത് വിട്ട ദൃശ്യത്തിൽ, അഗ്‌നിബാധ തുടങ്ങി അല്പം നേരത്തിനു ശേഷം അവിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് എത്ര ഭയാനകമായ തീ എന്ന് ചോദിച്ച് അയാൾ ഒരു കുസൃതി ചിരി ചിരിക്കുന്നത് കാണാം. മറ്റൊരു ചിത്രത്തിൽ പൊലീസ് അയാളെ അറസ്റ്റ് ചെയ്യുന്നതും കാണാം. മൂന്ന് വയസ്സുകാരി ഫാത്തിമയും, ഒരു വയസ്സുകാരി നീമയും സംഭവസ്ഥലത്തുവെച്ചു തന്നെ മരണമടഞ്ഞു. 28 കാരിയായ ഹൈദരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായ പൊള്ളലേറ്റ അവർ രണ്ട് ദിവസങ്ങൾക്കുള്ളിൽ മരണമടയുകയായിരുന്നു.

ഇന്നലെ കോടതി ബാരോയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഹൈദരയുടേ പിതാവും ഭർത്താവും അടക്കമുള്ളവർ പറഞ്ഞത് തികച്ചും ക്രൂരനും ഹൃദയശൂന്യനുമായ വ്യക്തിയാണ് ബാരോ എന്നായിരുന്നു. തങ്ങൾ അനുഭവിച്ച ദുഃഖവും യാതനയും വ്യക്തമാക്കാൻ വാക്കുകൾ മതിയാകില്ലെന്നും അവർ പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിൽ പറയുന്നു.

നോട്ടിങ്ഹാം പൊലീസ് പുറത്തു വിട്ട സി സി ടി വി ദൃശ്യത്തിൽ ബാരോഒരു കടയിൽ പോയി ആറ് ക്യാൻ ലേഗർ വാങ്ങുന്നത് കാണാം. പിന്നീട് അതേ ദിവസം വൈകിട്ട് അയാൾ കൂടുതൽ ബിയർ വാങ്ങുവാനായി പോയി. തിരിച്ചെത്തിയതിനു ശേഷമായിരുന്നു അയൽപക്കത്തെ വീടിന് തീയിട്ടത്. സംഭവസ്ഥലത്തു നിന്നും നടന്നകന്ന ബാരോ അൽപ സമയത്തിന് ശേഷം തിരികെ വന്ന് അവിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതും ദൃശ്യത്തിലുണ്ട്.

താൻ നരഹത്യ ചെയ്തതായി ബാരോ വിചാരണക്കിടയിൽ സമ്മതിച്ചെങ്കിലും, കൂടുതൽ ഗുരുതരമായ കൊലപാതകം തന്നെയാണ് അയാൾ നടത്തിയതെന്ന് പതിനൊന്നംഗ ജൂറി ഏകകണ്ഠമായി വിധിച്ചു. ഏഴു മണിക്കൂറോളം നീണ്ട വിചാരണയിൽ, ജീവൻ അപകടത്തിലാകും വിധം അഗ്‌നിബാധക്ക് കാരണമായി എന്ന കുറ്റവും ഇയാളിൽ ചാർത്തുകയുണ്ടായി. തീ കൊളുത്തുന്നതിനു മുൻപായി ഏഴോ എട്ടോ ക്യാൻ ബിയർ കുടിച്ചിരുന്നെന്ന് സമ്മതിച്ച പ്രതി, വിചാരണക്കിടെ ഇരകളുടെ കുടുംബാംഗങ്ങളോട് ക്ഷമാപണം നടത്തുകയും ചെയ്തു.