പാരിസ്: ഫ്രാൻസിൽ പൊലീസിന്റെ വെടിയേറ്റ് പതിനേഴുകാരൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധം തുടരുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഔദ്യോഗിക വസതിയിൽ എത്തിയ പാക്കേജിൽ അറുത്തുമാറ്റിയ കൈവിരൽ കണ്ടെത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസ് പാലസിലേക്ക് എത്തിയ പാർസലിലാണ് അറുത്തുമാറ്റിയ മനുഷ്യവിരൽ കണ്ടത്.

വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പാർസൽ വിഭാഗത്തിലുള്ള ജീവനക്കാരാണ് വിരൽ ആദ്യം കണ്ടെത്തിയത്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് എതിരായ അതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ, വിഷയത്തിൽ പ്രസിഡന്റിന്റെ ഓഫീസിൽ നിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.

പൊലീസിന്റെ വെടിയേറ്റ് പതിനേഴുകാരൻ കൊല്ലപ്പെട്ടതിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് എതിരായ പ്രതിഷേധ സൂചകമായി ആയിരിക്കണം വിരൽ പാർസൽ അയച്ചതെന്നാണ് നിഗമനം.