ബാലി : ജിമ്മിലെ പരിശീലനത്തിനിടെ 210 കിലോയുള്ള ബാർബെൽ പതിച്ച് ഇന്തോനേഷ്യൻ ഫിറ്റ്നസ് ഇൻഫ്‌ളുവൻസർ മരണത്തിന് കീഴടങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ജൂലൈ 15ന് ബാലിയിലെ സനൂറിലുള്ള പാരഡൈസ് ജിമ്മിൽ വച്ചായിരുന്നു ദാരുണമായ സംഭവം. ബാർബെൽ ഉയർത്തി സ്‌ക്വാട്ട് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ കഴുത്ത് ഒടിഞ്ഞതിനെ തുടർന്നായിരുന്നു ജസ്റ്റിന്റെ മരണം.

വ്യായാമം അല്ലെങ്കിൽ വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്ന സമയത്ത് ശരീരത്തിന് താങ്ങാൻ സാധിക്കുന്ന ഭാരം എത്രയാണ് എന്നതിൽ ഒരു ധാരണ ഉണ്ടായിരിക്കണം. അതില്ലാത്തപക്ഷം ഇത്തരത്തിലുള്ള പരിശീലനങ്ങൾ അപകടം ക്ഷണിച്ചുവരുത്തുന്നവയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ തനിക്ക് ഉയർത്താൻ കഴിയുന്ന ഭാരത്തെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ടാകാം ജസ്റ്റിൻ വിക്കിക്ക് ഇങ്ങനെയൊരു അപകടം ഉണ്ടായതെന്ന് പ്രമുഖ ഫിസിയോ തെറാപ്പിസ്റ്റ് ജെഫ് കാവലിയർ പറയുന്നു.

'ദൃഢതയാണ് ശാരീരിക ബലത്തിന്റെ യഥാർഥ അടിത്തറ. അതുകൊണ്ട് തന്നെ ദൃഢതയില്ലാത്ത ശരീരത്തിനാണ് നിങ്ങൾ ശക്തിപകരാൻ ശ്രമിക്കുന്നതെങ്കിൽ അതിന് ഭാവിയിൽ വലിയ വിലയാണ് നൽകേണ്ടി വരിക. ഓരോ വ്യായാമത്തിലും നിയന്ത്രിക്കാനാകുന്ന ഭാരത്തിന്റെ ഉയർന്ന പരിധി വിലയിരുത്തണം.വളരെ ഭാരമുള്ളവയല്ല മറിച്ച്, ആവശ്യത്തിന് ഭാരമുള്ളവയാണ് നിങ്ങൾ ഉയർത്താൻ ശ്രമിക്കേണ്ടത്' - ജെഫ് കാവലിയർ പറഞ്ഞു.

എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ വെളിപ്പെടുത്തലുമായി ജസ്റ്റിൻ വിക്കിയുടെ സുഹൃത്ത് രംഗത്ത് വന്നു. ജസ്റ്റിൻ വിക്കി ഭാരം ഉയർത്തുന്നതിൽ ജാഗ്രത പുലർത്തിയിരുന്നതായാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. ഫിറ്റ്‌നസ് മെച്ചപ്പെടുത്താൻ പരിധിയിൽ കൂടുതൽ പരിശീലിക്കാൻ ശ്രമിക്കരുതെന്ന് ജസ്റ്റിൻ വിക്കി ആളുകളെ ഉപദേശിച്ചിരുന്നതായി സുഹൃത്ത് ഗെഡെ സുതാര്യ ഇന്തൊനീഷ്യൻ മാധ്യമമായ 'ബാലി എക്സ്‌പ്രസിനോടു' വെളിപ്പെടുത്തി.

''വിക്കി ഒരു നല്ല സുഹൃത്തായിരുന്നു. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട വിവരങ്ങൾ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാറുണ്ട്. ജിമ്മിൽ പരിശീലിക്കുമ്പോൾ എപ്പോഴും സൂക്ഷിക്കണമെന്ന് സുഹൃത്തുക്കളെ ഉപദേശിക്കും.'' ഗെഡെ സുതാര്യ പ്രതികരിച്ചു.

''നമ്മുടെ പരിധിയിൽ കൂടുതൽ ജിമ്മിൽ പരിശ്രമിക്കരുതെന്ന് സുഹൃത്തുക്കളെ ഉപദേശിക്കും. സ്വന്തം കഴിവ് എത്രയാണെന്ന് സ്വയം മനസ്സിലാക്കാൻ മാത്രമാണു സാധിക്കുകയെന്നും അദ്ദേഹം പറയും. '' ഗെഡെ സുതാര്യ വെളിപ്പെടുത്തി. അപകടം സംഭവിച്ചതിനു പിന്നാലെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജസ്റ്റിൻ വിക്കിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. 210 കിലോയുടെ ബാർബെൽ ഉയർത്തി സ്‌ക്വാട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ജസ്റ്റിന് പരുക്കേറ്റത്.

ബാർബെൽ വീണ് ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസറുടെ കഴുത്തൊടിഞ്ഞിരുന്നു. ബാർബെൽ വീണ് ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമുള്ള പ്രധാന നാഡികൾക്കും തകരാർ സംഭവിച്ചതായും പരിശോധനയിൽ വ്യക്തമായി. ബാർബെൽ താങ്ങാനാവാതെ ജസ്റ്റിൻ പിറകിലേക്കു വീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് പേരാണ് ജസ്റ്റിൻ വിക്കിയെ പിന്തുടരുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിൽ ജസ്റ്റിൻ വിക്കി ഭാരം ഉയർത്താൻ ശ്രമിക്കുന്നത് കാണാൻ കഴിയും. 210 കിലോ ഭാരം ഉയർത്താനായിരുന്നു ഫിറ്റ്നസ് ഇൻഫ്‌ളുവൻസറുടെ ശ്രമം. ഈ സമയം, ഇയാൾക്ക് സഹായിയായി ഒപ്പം ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ബാർബെൽ സ്‌ക്വാട്ട് ചെയ്യുന്നതിനിടെ ഭാരം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ ജസ്റ്റിൻ പിന്നിലേക്ക് വീഴുകയും ഷോൾഡറിൽ ഉണ്ടായിരുന്ന ബാർബെൽ മുന്നിലേക്ക് പോവുകയുമായിരുന്നു. അപകടം നടക്കുന്ന സമയം വിക്കിക്കൊപ്പം ഉണ്ടായിരുന്ന സഹായിക്കും ബാർബെൽ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.

അപകടത്തിന് പിന്നാലെ തന്നെ ജസ്റ്റിൻ വിക്കിയെ ജിം അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ശസ്ത്രക്രിയയ്ക്ക് ഉൾപ്പടെ വിധേയനാക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. കഴുത്തൊടിയുകയും ഹൃദയത്തേയും ശ്വാസകോശത്തേയും ബന്ധിപ്പിക്കുന്ന സുപ്രധാന ഞരമ്പുകൾക്ക് ക്ഷതമേൽക്കുകയും ചെയ്തതാണ് വിക്കിയുടെ മരണത്തിന് കാരണമെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇന്തോനേഷ്യൻ ബോഡി ബിൽഡിങ് കമ്മ്യൂണിറ്റിയിലെ പ്രമുഖനാണ് ജസ്റ്റിൻ വിക്കി. ജിം ട്രെയിനർ കൂടിയായ അദ്ദേഹം പോഷകാഹാര ഉപദേഷ്ടാവ് കൂടിയായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഉൾപ്പടെ നിരവധി ആരാധകരാണ് ജസ്റ്റിൻ വിക്കിക്കുള്ളത്.