- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാണാതായ ആളുകളെ തപ്പുന്നതിനിടയിൽ പൊലീസ് നായ ഹാൻഡ്ലറായ വനിതാ പൊലീസിനെ കൊല്ലാൻ ശ്രമിച്ചു; കാലിന് ഗുരുതരമായ പരിക്കേറ്റതോടെ നായയെ വെടിവെച്ചു കൊന്ന് പൊലീസ്
ലണ്ടൻ: വനിതാ ഹാൻഡ്ലറെ ആക്രമിച്ച പൊലീസ് നായയെ പൊലീസ് തന്നെ വെടിവെച്ചു കൊന്നു. കാണാതായ ഒരു വ്യക്തിക്ക് വേണ്ട തിരച്ചിലിനിടയിലായിരുന്നു നായ അക്രമാസക്തമായത്. വനിത ഹാൻഡ്ലറുടെ കാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. വാൾടൺ-ലെ ഡെയ്ൽ ഗ്രാമത്തിൽ കാണാതായ ഒരു വ്യക്തിക്ക് വേണ്ടി തിരിച്ചിൽ നടത്തുന്നതിനിടെ രാവിലെ 5,.15 ന് ആണ് ജർമ്മൻ ഷെപ്പേഡ് ഇനത്തിൽ പെട്ട നായ വനിത ഹാൻഡ്ലറെ ആക്രമിച്ചത്. ലങ്കാഷയർ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പരിക്കേറ്റ വനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് എന്നും, ഈ സംഭവത്തിൽ പൊതുജനങ്ങൾക്ക് പങ്കില്ലെന്നും പൊലീസ് അറിയിച്ചു. പി. ഡി ജാക്സ് എന്ന് പേരുള്ള നായയാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പൊലീസ് വെടിയേറ്റ് മരണമടഞ്ഞ പി ഡി ജാക്സിന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ദി തിൻ ബ്ല്യു പോ ഫൗണ്ടേഷൻ രംഗത്ത് വന്നു. തുടർന്ന് ട്വിറ്ററിൽ അനുശോചന സന്ദേശങ്ങളുടെ ഒരു പ്രളയം തന്നെയായിരുന്നു.
വെള്ളത്തിൽ മുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള പ്രത്യേക പരിശീലനം ലഭിച്ച നായയാണിത്. നേരത്തെ ഇവിടത്തെ കനാലിൽ ഒളിച്ചിരുന്ന ചില കുറ്റവാളികളെ കണ്ടെത്താൻ സഹായിച്ച പി ഡി ജാക്സ്, 2020-ൽ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പിന്തുടർന്ന് പിടികൂടുന്നതിൽ സഹായിച്ചിട്ടുമുണ്ട്. അതുപോലെ കഴിഞ്ഞ വർഷം പർവ്വതനിരകളിൽ കാണാതെപോയ ഒരു 20 കാരിയെ കണ്ടെത്തുന്നതിലും ഈ നായ സുപ്രധാന പങ്ക് വഹിച്ചിരുന്നു.
നായ തന്റെ ഹാൻഡ്ലറുമായി വളരെയേറെ ഇണങ്ങിയിരുന്നു എന്നാണ് ലങ്കാഷയർ പൊലീസ് പറയുന്നത്. ഹാൻഡ്ലറുടെ മടിയിൽ ഇരിക്കുന്നതും കുസൃതികൾ കാട്ടുന്നതുമൊക്കെ പതിവായിരുന്നത്രെ.ഇരുവർക്കും ഇടയിൽ ശക്തമായ ഒരു ബന്ധമായിരുന്നു നിലനിന്നിരുന്നത് എന്ന് ലങ്കാഷയർ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ഇങ്ങനെയൊരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം മനസ്സിലാകുന്നില്ല എന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
നായയെ ശാന്തമാക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും, ഹാൻഡ്ലറെയും മറ്റ് സംഘാംഗങ്ങളേയും ആക്രമിക്കുന്നത് തുടരുകയും ചെയ്തപ്പോഴായിരുന്നു അതിന് നേരെ വെടിയുതിർത്തതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവിച്ച കാര്യങ്ങൾ ഏറെ ഖേദകരമാണെന്ന് ലങ്കാഷയർ പൊലീസ് സൂപ്രണ്ട് ഹസ്സൻ ഖാൻ പറഞ്ഞു.




