ചെറുയാനത്തിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തുന്നതിന് മുൻപായി അവരെ തടഞ്ഞ ഫ്രഞ്ച് ഉദ്യോഗസ്ഥരെ ആക്രമിച്ച രണ്ട് അനധികൃത കുടിയേറ്റക്കാർ ബ്രിട്ടനിൽ അറസ്റ്റിലായി. ഇറാഖിൽ നിന്നുള്ള സാലി തെയ്ബ് അബ്ദുള്ള എന്ന 33 കാരനും സുഡാനിൽ നിന്നുള്ള അഹമ്മദ് ഒമർ സാലേ ഖാദർ എന്ന 25 കാരനുമാണ് ഡോവറിൽ അറസ്റ്റിലായത്. വെള്ളിയാഴ്‌ച്ച കാന്റർബറി ക്രൗൺ കോടതി ഇരുവർക്കും രണ്ട് വർഷത്തെയും രണ്ട് മാസത്തെയും തടവ് ശിക്ഷ വിധിച്ചു.

ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ കലേയ്സിന് സമീപമുള്ള ഓയേ പ്ലേജിലായിരുന്നു സംഭവം നടന്നത്. യു കെയിലേക്കുള്ള ബോട്ടിൽ കയറാൻ ശ്രമിക്കുന്ന അമ്പത് അംഗ സംഘത്തെ കണ്ട ഫ്രഞ്ച് പൊലീസുകാർ അവരെ തടയാൻ ശ്രമിക്കുകയായിരുന്നു. താത്ക്കാലിക ആയുധങ്ങളും കല്ലുകളുമായി അഭയാർത്ഥികൾ ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

പിന്നീട് യാനത്തിലേറി ബ്രിട്ടനിൽ എത്തിയ സംഘത്തിലെ അക്രമികളായ രണ്ടു പേരെയും യു കെ പൊലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. യു കെ, ഫ്രഞ്ച് അധികൃതർ നടത്തിയ ചർച്ചയുടെ ഫ്രലമായിരുന്നു ഇവരുടെ അറസ്റ്റ്. ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ അണിയുന്ന ക്യാമറകളാണ് അക്രമികളുടെ ദൃശ്യങ്ങൾ പകർത്തിയത്. അനധികൃതമായി യു കെയിൽ എത്തിയതിനായിരുന്നു ഇവർ അറസ്റ്റിലായത്.

തങ്ങളുടെ ഫ്രഞ്ച് പങ്കാളികൾക്കെതിരായ ആക്രമണം അനുവദിക്കില്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയാൻ ഫ്രഞ്ച് ഉദ്യോഗസ്ഥർ തുനിഞ്ഞിറങ്ങിയതോടെ ഫ്രാൻസിലെ പല കടൽത്തീര പ്രദേശങ്ങളിലും സംഘർഷം പതിവായിട്ടുണ്ട്. ആൾക്കടത്തു നടത്തുന്ന ക്രിമിനൽ സംഘങ്ങളെ നേരിടാൻ ഇരു രാജ്യങ്ങളും ഭാവിയിലും ചേർന്ന് പ്രവർത്തിക്കും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.