- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലിബിയയിൽ പ്രളയം; ഡെർന നഗരത്തിൽ രണ്ടായിരത്തിലധികം പേർ മരിച്ചു;മൃതദേഹങ്ങൾ കുന്നുകൂടി കിടക്കുന്നു: പതിനായിരത്തിലധികം പേരെ കാണാതായി
കയ്റോ: ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയിൽ കനത്ത പ്രളയം. കിഴക്കൻ മേഖലകളിലുണ്ടായ പ്രളയത്തിൽ അനേകായിരങ്ങൾ കൊല്ലപ്പെട്ടു. കനത്ത നാശനഷ്ടമാണ് മേഖലയിൽ ഉണ്ടായത്. ഡർന നഗരത്തിൽ രണ്ടായിരത്തിലധികംപേർ മരിച്ചെന്ന് കിഴക്കൻ ലിബിയയുടെ പ്രധാനമന്ത്രി ഒസാമ ഹമദ് പറഞ്ഞു. പതിനായിരത്തിലധികം പേരെ കാണാതായെന്ന് റെഡ്ക്രോസ് അറിയിച്ചു. പലയിടത്തും മൃതദേഹങ്ങൾ കുന്നുകൂടിക്കിടക്കുകയാണ്. ഗ്രീസ്, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ കനത്തനാശം വിതച്ച ഡാനിയേൽ ചുഴലിക്കാറ്റാണ് ഞായറാഴ്ച ലിബിയയിൽ പേമാരിക്കും വെള്ളപ്പൊക്കത്തിനും വഴിവെച്ചത്.
കനത്ത നാശനഷ്ടം വിതച്ച പ്രളയത്തിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. തീരപ്രദേശങ്ങളിൽനിന്ന് ഇതുവരെ ആയിരത്തിലധികം മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തെന്ന് അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങളും പൂർണമായും കടലെടുത്തു. നാല് പ്രധാന എണ്ണഖനികൾ അടച്ചു. പലയിടത്തും ജലനിരപ്പ് പത്തടിയോളം ഉയർന്നു. റോഡ്ഗതാഗതവും വാർത്താവിനിമയ സംവിധാനങ്ങളും തകർന്നു.
ഡെർന നഗരത്തിന്റെ 25 ശതമാനവും തുടച്ചുനീക്കപ്പെട്ടതായി വ്യോമയാന മന്ത്രി ഹിഷേം സ്കിയൗട്ട് പറഞ്ഞു. രണ്ട് അണക്കെട്ടുകൾ തകർന്നു. ഇതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതെന്നും കാണാതായവർ കടലിലേക്ക് ഒഴുകിപ്പോയിരിക്കാമെന്നും കിഴക്കൻ ലിബിയയുടെ ഭരണം നിയന്ത്രിക്കുന്ന ലിബിയൻ നാഷണൽ ആർമി വക്താവ് അഹമ്മദ് മിസ്മറി പറഞ്ഞു. മിന്നൽ പ്രളയമുണ്ടായത് രാത്രിയിലായതിനാൽ ഉറങ്ങിക്കിടക്കുന്നവർക്ക് രക്ഷപ്പെടാനായില്ല. കിഴക്കൻ മേഖലയിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ബയ്ഡ, സുസ, മർജ്, ഷഹാത്ത് എന്നിവിടങ്ങളിലും പ്രളയം കനത്തനാശം വിതച്ചു. ഇവിടെ നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. പ്രളയം കനത്തനാശം വിതച്ചതിനുപിന്നാലെ കിഴക്കൻ ലിബിയയുടെ പ്രധാനമന്ത്രി ഒസാമ ഹമദ് ലോകരാഷ്ട്രങ്ങളോട് സഹായമഭ്യർഥിച്ചു. അടിയന്തരസഹായം ലഭ്യമാക്കുമെന്ന് ഖത്തർ അറിയിച്ചു. യു.എന്നിന്റെയും റെഡ്ക്രോസിന്റെയും സന്നദ്ധപ്രവർത്തകർ ദുരന്തമുഖത്തുണ്ട്. 14 ടൺ അവശ്യസാധനങ്ങളുമായി പടിഞ്ഞാറൻ ലിബിയൻ ഭരണകൂടം പ്രളയബാധിതമേഖലയിലേക്ക് വിമാനമയച്ചു. ഈജിപ്ത്, ടുണീഷ്യ, അൽജീരിയ, തുർക്കി, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങൾ ലിബിയക്ക് മാനുഷികസഹായം പ്രഖ്യാപിച്ചു.