സാവോപോളോ: ബ്രസിലിയൻ ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസർ അഡ്രിയാന തൈസൻ അജ്ഞാത രോഗം പിടിപെട്ട് മരിച്ചു. ഒരു വർഷത്തിനിടെ ശരീരഭാരം 100 പൗണ്ട് (45 കിലോഗ്രാം) കുറച്ച് ശ്രദ്ധ നേടിയ ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസറാണ്. ഇൻസ്റ്റഗ്രാമിൽ 6 ലക്ഷത്തിലേറെ ഫോളോവർമാരുള്ള അഡ്രിയാന 49ാം വയസ്സിലാണ് മരണത്തിനു കീഴടങ്ങിയത്.

സാവോപോളോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം കുടുംബം പുറത്തുവിട്ടിട്ടില്ല. ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമങ്ങൾ, ഡയറ്റ് പ്ലാനുകൾ എന്നിവയെല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

അഡ്രിയാന നടത്തിയിരുന്ന പ്ലസ് സൈസ് ബൊട്ടീകായ ദ്രിക സ്റ്റോറിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അവരുടെ ബന്ധുവാണ് അപ്രതീക്ഷിത വിയോഗ വാർത്ത പങ്കുവെച്ചത്.

'അത്യധികം വിഷമത്തോടെ പ്രിയപ്പെട്ട ദ്രികയുടെ ആകസ്മിക വിയോഗം അറിയിക്കുന്നു, ദുഃഖത്തിന്റെ ഈ നിമിഷത്തിൽ എല്ലാവരുടെയും പ്രാർത്ഥനയും കരുണയും പ്രതീക്ഷിക്കുന്നു' എന്നാണ് ഇൻസ്റ്റഗ്രാം പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റിൽ പറയുന്നത്. ഉബെർലാൻഡിയയിലെ വസതിയിൽ ഏതാനും ദിവസം മുമ്പായിരുന്നു വിയോഗമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മരണ കാരണം എന്താണെന്ന കാര്യത്തിൽ കുടുംബം വിശദമായ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല.

വിസ്മയകരമായ തരത്തിൽ സ്വന്തം ശരീരഭാരം കുറച്ചുകൊണ്ടാണ് അഡ്രിയാന സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട താരമായി മാറിയത്. ഇൻസ്റ്റഗ്രാമിൽ ആറ് ലക്ഷത്തിലധികം ഫോളോവർമാരുള്ള അവർ ഭാരം കുറയ്ക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള വഴികളെല്ലാം ആരാധകർക്കായി നിരന്തരം പങ്കുവെച്ചിരുന്നു. ചെറുപ്പകാലം മുതൽ ശരീരഭാരം കാരണമായി നിരവധി പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്ന് അഡ്രിയാന വെളിപ്പെടുത്തിയിരുന്നു.

ഇതിന് പുറമെ പിന്നീട് അമിത ലഹരി ഉപയോഗവും മാനസിക സമ്മർദവും ജീവിതത്തിൽ പുതിയ പ്രശ്‌നങ്ങളുണ്ടാക്കി. ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചെല്ലാം വിവിധ ടോക് ഷോകളിൽ പങ്കെടുക്കവെ അഡ്രിയാന വിശദമായി സംസാരിച്ചിരുന്നു. പല കാലഘട്ടങ്ങളിൽ പലതരം പ്രശ്‌നങ്ങളിൽ അകപ്പെട്ട അവർക്ക് 39-ാം വയസിൽ 100 കിലോഗ്രാമോളമായിരുന്നു ഭാരം.

സമീകൃത ആഹാരവും തുടർച്ചയായ കഠിന വ്യായാമങ്ങളുമാണ് ശരീര ഭാരം കുറയ്ക്കാനായി അഡ്രിയാന സ്വീകരിച്ച മാർഗങ്ങൾ. വിസ്മയകരമായ മാറ്റമാണ് ആദ്യം മുതലുണ്ടായത്. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയ ശേഷമുള്ള ആദ്യ എട്ട് മാസം കൊണ്ട് 36 കിലോഗ്രാം ഭാരം കുറച്ചു. പിന്നീടുള്ള ഏഴ് മാസം കൊണ്ട് ഒൻപത് കിലോഗ്രാം കുറയ്ക്കാനും സാധിച്ചു. ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കാൻ നിരന്തരം തന്റെ ഫോളോവർമാരെ പ്രചോദിപ്പിച്ചിരുന്ന അവർ, ആരോഗ്യം കളയാതെയുള്ള ഭക്ഷണ ശീലങ്ങളും വ്യായമവും ജീവിതചര്യയാക്കാനും തന്റെ പോസ്റ്റുകളിലൂടെ ആവശ്യപ്പെട്ടിരുന്നു.