ദമ്മാം: കെയ്റോയിൽ നിന്ന് ദുബൈയിലേക്ക് പോകുകയായിരുന്ന ഈജിപ്ത് എയർ വിമാനം എമർജൻസി ലാൻഡിങ് നടത്തി. ഈജിപ്ത് എയറിന്റെ വിമാനം ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എമർജൻസി ലാൻഡിങ് നടത്തിയത്.

ബോയിങ് 737-800 വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപ്രതീക്ഷിത സാങ്കേതിക തകരാറിനെ തുടർന്ന് നിലത്തിറക്കിയത്. വിമാനം ദമ്മാം എയർപോർട്ടിൽ അടിയന്തരമായി ഇറക്കുന്നതിന് എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് പൈലറ്റ് അനുമതി തേടുകയായിരുന്നു. ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരെ മുഴുവൻ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. 120 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഈജിപ്ത് എയർ കെയ്റോയിൽ നിന്ന് ദമ്മാമിൽ അയച്ച മറ്റൊരു വിമാനത്തിൽ യാത്രക്കാരെ പിന്നീട് ദമ്മാമിൽ നിന്ന് ദുബൈയിലേക്ക് കൊണ്ടുപോയി.