ലണ്ടൻ: ഒരു വർക്ക് സ്പ്രെഡ്ഷീറ്റിലെ യൂസർനെയിം മാറ്റി അശ്ലീല പദം ഉപയോഗിച്ച് വംശീയമായി അധിക്ഷേപിച്ചതിനെതിരെ കൊടുത്ത കേസിൽ എൻ എച്ച് എസ്സിലെ മുതിർന്ന ശാസ്ത്രജ്ഞക്ക് വിജയം. നഷ്ടപരിഹാരമായി 60,000 പൗണ്ട് ആണ് കോടതി വിധിച്ചത്. കൂടെ ജോലി ചെയ്യുന്ന മറ്റൊരു ബയോകെമിസ്റ്റ്, ഒരു ടെസ്റ്റ് ട്യുബ് തന്റെ നേരെ വലിച്ചെറിഞ്ഞു എന്ന് പരാതി നൽകിയതിൽ പിന്നെ ഇവരെ ഒരു ശല്യക്കാരിയായിട്ടാണ് സഹപ്രവർത്തകർ കണക്കാക്കിയതെന്നു ഉഭ ജമ നൽകിയ പരാതിയിൽ പറയുന്നു.

അതിന് പ്രതികാരമായിട്ടായിരുന്നു വർക്ക് സ്പ്രെഡ് ഷീറ്റിലെ യൂസർ നെയിം മാറ്റി ''പെയിൻ ഇൻ ആർസ്'' എന്ന് വെച്ചത്. രണ്ട് ആശുപത്രികളിലെ ജീവനക്കാർക്ക് ആക്സസ് ഉള്ള മൈക്രോസോഫ്റ്റ് എക്സൽ ഡോക്യ്മെന്റിലാണ് ഇപ്രകാരം മാറ്റം വരുത്തിയത്. അതിനെ കുറിച്ച് പരാതിപ്പെട്ടപ്പോൾ, ആ പദം നീക്കം ചെയ്യുന്നതിൽ മേലധികാരികൾ പരാജയപ്പെട്ടതായും ട്രിബ്യുണലിൽ ബോധിപ്പിച്ചു.

കഴിഞ്ഞ രണ്ട് വർഷമായി കിഴക്കൻ ലണ്ടനിലെ ബാർക്കിങ് ഹേവറിങ് ആൻഡ് റെഡ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻ എച്ച് എസ് ട്രസ്റ്റിൽ ജോലിചെയ്യുന്ന ഈ സോമാലിയൻ വംശജ നിരന്തരമായി വംശീയ വിവേചനത്തിനും അധിക്ഷേപങ്ങൾക്കും വിധേയയാകുകയാണെന്നാണ് പരാതിയിൽ പറയുന്നത്. വംശത്തിന്റെ പേരിൽ ജമയെ പാർശ്വവത്ക്കരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു എന്ന് ജഡ്ജ് വിധിച്ചതിനെ തുടർന്ന് അവർക്ക് 58,632 പൗണ്ട് നഷ്ടപരിഹാരമായി നൽകാൻ വിധിക്കുകയും ചെയ്തു. പരസ്യമായി അവഹേളിച്ചതിനാണ് ഈ നഷ്ടപരിഹാരം.

2019 ഫെബ്രുവരി മുതൽ ജമ ലണ്ടൻ റാംഫോർഡ് ക്യുൻസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ബയോകെമിസ്ട്രി വിഭാഗത്തിലെ നാല് ബയോകെമിസ്റ്റുകളിൽ ഒരാളായിരുന്നു. തൊട്ടടുത്ത വർഷം ഫെബ്രുവരിയിൽ, സഹപ്രവർത്തക, പെട്ടെന്നുള്ള ദേഷ്യത്തിൽ പ്ലാസ്റ്റിക് ട്യുബ് തന്റെ നേർക്ക് എറിഞ്ഞത് ജമയെ അസ്വസ്ഥയാക്കിയിരുന്നു. കനേഡിയൻ വംശജയും വെള്ളക്കാരിയുമായ സഹപ്രവർത്തക, തന്റെ ജൂനിയർമാരായ കറുത്തവർഗ്ഗക്കാരിൽ നിന്നുംമതിയായ സഹായം ലഭിക്കാത്തതിൽ കുപിതയാവുകയായിരുന്നു എന്നാണ് ട്രിബ്യുണലിൽ ബോധിപ്പിച്ചത്. ഇതിനെ തുടർന്ന് ജമ പരാതി നൽകിയിരുന്നു.