ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻ എച്ച് കെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.

കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച്, റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതുപോലെ, 5 മീറ്റർ വരെ ഉയരമുള്ള സുനാമി ഇഷികാവ പ്രിഫെക്ചറിലെ നോട്ടോയിൽ ആഞ്ഞടിച്ചേക്കാമെന്ന് പറയുന്നു. എൻ എച്ച് കെ റിപ്പോർട്ട് അനുസരിച്ച്, ഇഷികാവ പ്രിഫെക്ചറിലെ വാജിമ സിറ്റിയുടെ തീരത്ത് 1 മീറ്ററിലധികം ഉയരമുള്ള തിരമാലകൾ അടിച്ചിട്ടുണ്ട്.

ഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ തങ്ങളുടെ ആണവ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ജപ്പാനിലെ കൻസായി ഇലക്ട്രിക് വ്യക്തമാക്കി. ഭൂകമ്പ മേഖലയിൽ അസ്വാഭാവികതയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് കിഴക്കൻ തീരത്തെ ഗാങ്വോൺ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ കടൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ ഏജൻസിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോകത്തിൽ ഏറ്റവും അധികം ഭൂകമ്പങ്ങൾ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാൻ. 2011-ലാണ് ജപ്പാനിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുൾപ്പടെ തകരാറ് സംഭവിച്ചിരുന്നു.