യൂറോപ്പ്: കാനറിദ്വീപുകൾക്ക് സമീപത്തായി അഭയാർത്ഥികളുമായി വന്ന ബോട്ട് മുങ്ങി ഒൻപത് പേർ മരിച്ചതായി റിപ്പോർട്ടുകൾ. സംഭവത്തിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകൾ ഉണ്ട്. കൂടുതലും ആഫ്രിക്കയിൽ നിന്നുള്ള അഭയാർത്ഥികളാണ് ബോട്ടിൽ ഉണ്ടായിരുന്നത് എന്നാണ് കരുതുന്നത്.

കാനറി ദ്വീപ് സമൂഹത്തിലെ 'എൽ ഹെയ്റോ' ദ്വീപിൽ നിന്നും നാല് മൈൽ ദൂരെ മാറിയാണ് സംഭവം നടന്നിരിക്കുന്നത്. വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് സംഭവം നടന്നത്.

ഒരു കൗമാരക്കാരൻ ഉൾപ്പടെ ബോട്ടിലുണ്ടായിരുന്നവരിൽ ഒൻപത് പേർ മരിച്ചതായി ഇന്നലെ സ്ഥിരീകരിച്ചു. 48 പേരെ കുറിച്ച് വിവരങ്ങൾ ഒന്നുമില്ല. മറ്റ് 27 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതിൽ മൂന്ന് പേരെ ദ്വീപിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കാണാതായവരെ തിരയാൻ ഹെലികോപ്റ്റർ ഉൾപ്പടെയുള്ള സന്നാഹങ്ങൾ രംഗത്ത് ഉണ്ട്. ശക്തമായ കാറ്റും, ബോട്ടിലുണ്ടായിരുന്നവർ ഒരുമിച്ച് ഒരു വശത്തേക്ക് മാറിയതുമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോഴും രക്ഷാ പ്രവർത്തനം നടക്കുന്നതെന്നും വക്താവ് അറിയിച്ചിട്ടുണ്ട്.