ബ്രൂക്ക്ലിൻ: ലഹരിമരുന്ന് കാർട്ടലുകൾക്കെതിരായ പ്രവർത്തനങ്ങൾക്ക് വർഷങ്ങളോളം നേതൃത്വം നൽകി. പിന്നാലെ ഉദ്യോഗസ്ഥന് കൈക്കൂലിക്കേസിൽ തടവ് ശിക്ഷ. മെക്സിക്കോയിലാണ് സംഭവം നടന്നത്. മുൻ മെക്സിക്കൻ സർക്കാർ ഉദ്യോഗസ്ഥനും എഞ്ചിനീയറുമായിരുന്ന ജെനാരോ ഗാർസിയ ലൂണയ്ക്കാണ് ബ്രൂക്ക്ലിനിലെ ഫെഡറൽ കോടതി 38 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

പ്രതിരോധിക്കേണ്ടിയിരുന്ന ലഹരി കാർട്ടലുകളിൽ നിന്ന് പണം കൈക്കൂലിയായി സ്വീകരിച്ച് ലഹരിക്കടത്തിനെ സഹായിച്ചതിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

ഫെബ്രുവരി 2023ൽ ജെനാരോ ഗാർസിയ ലൂണയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 56കാരനായ ജെനാരോ ഗാർസിയ ലൂണയ്ക്ക് ജീവപര്യന്തം ശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇയാൾ കൈക്കൂലി വാങ്ങിയ ശേഷം ലഹരിക്കടത്തിൽ സജീവമായി പങ്കെടുത്തുവെന്നാണ് കണ്ടെത്തൽ.

ഏറെ കുപ്രസിദ്ധമായ സിനലോവ കാർട്ടലിൽ നിന്ന് മില്യൺ കണക്കിന് ഡോളറുകളാണ് ജെനാരോ ഗാർസിയ ലൂണ കൈപ്പറ്റിയതെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. എൽ ചാപ്പോയുടെ അനുയായികളെ വിട്ടയയ്ക്കാൻ സഹായിച്ചത് മുതൽ കൊക്കൈയ്ൻ കടത്തിന് സഹായിക്കുകയുമാണ് ഔദ്യോഗിക പദവിയിലിരിക്കെ ജെനാരോ ഗാർസിയ ലൂണ ചെയ്തത്. 460 മാസം അമേരിക്കയിലെ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുകയും വേണം.