മോസ്കോ: യുക്രൈൻ- റഷ്യ സംഘർഷം തുടങ്ങിയിട്ട് തന്നെ ഏകദേശം രണ്ട് വർഷത്തോളം ആകുന്നു. വർഷം 2024 ആയിട്ട് പോലും യുദ്ധഭീതി മാറുന്നില്ല. ഇപ്പോഴിതാ ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ച് റഷ്യ യുക്രൈനുമായുള്ള യുദ്ധം നിർണായകഘട്ടത്തിക്കെന്ന് സൂചനകൾ. അതിന് മുന്നോടിയായി റഷ്യ ആണവമിസൈലുകൾ പരീക്ഷിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം. നിരവധി തവണ പരീക്ഷണം നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ടവയിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് പുടിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യ ആണവായുധ പരീക്ഷണം നടത്തിയത്. യുക്രൈനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ പുതിൻ നേരത്തെ തന്നെ നൽകിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

പരീക്ഷണത്തിന് ശേഷം പുടിന്റെ വാക്കുകൾ, ആണവായുധം ഉപയോഗിക്കുക എന്നത് അസാധാരണമായ ഒന്നാണ്, എന്നിരുന്നാലും അവ തയ്യാറാക്കി വെക്കേണ്ടതുണ്ടെന്ന് പുടിൻ പറഞ്ഞു. തങ്ങൾ പുതിയൊരു ആയുധ മത്സരത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ പുതിൻ, എന്തിനും തയ്യാറായി നിൽക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

അമേരിക്കയും സഖ്യരാജ്യങ്ങളും അടങ്ങിയ നാറ്റോ സഖ്യം റഷ്യയിലേക്ക് മിസൈലുകൾ അയച്ചേക്കുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് റഷ്യയുടെ മിസൈൽ പരീക്ഷണമെന്നാണ് വിവരങ്ങൾ. റഷ്യ - യുക്രെയ്ൻ യുദ്ധം രണ്ടരവർഷം പിന്നിട്ടിരിക്കെ, രാജ്യത്തേക്ക് മിസൈലുകൾ വർഷിക്കാൻ നാറ്റോയുടെ പദ്ധതിയുണ്ടെന്ന വിവരം റഷ്യയ്ക്ക് ലഭിച്ചിരുന്നു. ശത്രുക്കളുടെ ഏത് തരത്തിലുളള ആക്രമണത്തെയും പ്രതിരോധിക്കാൻ ഞങ്ങൾ തയ്യാറെന്ന് റഷ്യൻ പ്രതിരോധമന്ത്രി ആന്ദ്രെ ബെലോസോവും കൂട്ടിച്ചേർത്തു.

അതേസമയം, റഷ്യയിലുള്ള കുർസ്ക് മേഖലയിൽ ഉത്തര കൊറിയൻ സൈനികരെ കണ്ടതായി യുക്രൈൻ സൈനിക രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഇതോടെയാണ് റഷ്യയുടെ കൂടെ ഉത്തര കൊറിയൻ സൈനികരും അണിനിരക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

റഷ്യയുടെ വിവിധ ഭാ​ഗങ്ങളിലായി ഇവർ പരിശീലനം നടത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഏകദേശം 12,000 ഉത്തര കൊറിയൻ സൈനികർ റഷ്യയുടെ കിഴക്കൻ മേഖലയിലുള്ള അഞ്ച് മിലിട്ടറി ട്രെയിനിം​ഗ് ഗ്രൗണ്ടുകളിൽ പരിശീലനം നേടുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 6,000 പേർ വീതമുള്ള രണ്ട് ബ്രിഗേഡുകളിൽ 500 ഓഫീസർമാരും മൂന്ന് ജനറൽമാരും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരങ്ങൾ. ഉത്തര കൊറിയൻ സൈനിക വിന്യാസത്തെക്കുറിച്ചുള്ള ആരോപണങ്ങൾ റഷ്യ ആദ്യം തള്ളിക്കളഞ്ഞിരുന്നു.