ടെഹ്റാൻ: കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടെ ഇരുന്നോറോളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത 43കാരന്റെ വധശിക്ഷ നടപ്പിലാക്കി ഇറാൻ. മുഹമ്മദ് അലി സലാമത്ത് എന്നയാളെയാണ് ഇറാൻ പരസ്യമായി വധശിക്ഷ നടപ്പിലാക്കിയത്. ഇറാൻ സുപ്രീം കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. പടിഞ്ഞാറൻ നഗരമായ ഹമേദാനിലെ ബാഗേ ബെഹേഷ്തിൽ വെച്ചാണ് പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്.

ജിംനേഷ്യവും ഫാ‍ർമസിയും നടത്തിയിരുന്ന മുഹമ്മദ് അലിക്കെതിരെ 200ഓളം സ്ത്രീകളാണ് ബലാത്സം​ഗ പരാതിയുമായി രംഗത്ത് വന്നത്. കഴിഞ്ഞ 20 വർഷമായി ഇയാൾ നിരന്തരം കുറ്റകൃത്യങ്ങൾ ചെയ്തതായാണ് പറയപ്പെടുന്നത്.

നിരവധി കേസുകളിലും വിവാഹാഭ്യർത്ഥന നടത്തുകയോ ഡേറ്റിം​ഗിൽ ഏർപ്പെടുകയോ ചെയ്ത ശേഷമാണ് ഇയാൾ ബലാത്സം​ഗം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചില ഇരകൾക്ക് ഇയാൾ ​ഗർഭച്ഛിദ്ര ​മരുന്നുകൾ നൽകിയതായും വിവരങ്ങൾ ഉണ്ട്.