വലെൻസിയ: സ്പെയിനിൽ വീണ്ടും ഭീതി പടർത്തി പ്രളയ മുന്നറിയിപ്പ്. വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് മുന്നറിയിപ്പ്. അധികൃതരുടെ മുന്നറിയിപ്പിൽ സ്പെയിനിലെ സ്കൂളുകൾ അടച്ചു. പലയിടങ്ങളിലും ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ തുടങ്ങി. 215പേരുടെ ജീവനെടുത്ത വൻ പേമാരി കഴിഞ്ഞ് വെറും രണ്ട് ആഴ്ച പിന്നിടും മുൻപാണ് പുതിയ പേമാരി എത്തുന്നത്. ബുധാനാഴ്ച രാവിലെയാണ് സ്പെയിനിലെ തെക്ക് കിഴക്കൻ മേഖലയിലേക്ക് പേമാരിയെത്തുന്നതായുള്ള മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

സുരക്ഷാ മുന്നറിയിപ്പിലെ ഏറ്റവും ഉയർന്ന ആംബർ അലർട്ടാണ് കാറ്റലോണിയയിലെ തറഗോണ പ്രവിശ്യയിലും ആൻഡലൂസിയയിലെ മലാഗയിലും നൽകിയിരിക്കുന്നത്. ആൻഡലൂസിയയിലെ സർക്കാർ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. ഗ്വാഡൽഹോർസ് നദിയുടെ പരിസരത്ത് നിന്ന് മൂവായിരത്തിലേറെ ആളുകളെയാണ് പ്രാദേശിക ഭരണകൂടം ഒഴിപ്പിച്ചിരിക്കുന്നത്.

മാഡ്രിഡുമായി മലാഗയിലേക്കുള്ള ഹൈ സ്പീഡ് റെയിൽ സർവ്വീസുകളും നിർത്തിവച്ചിരിക്കുകയാണ്. വ്യാഴാഴ്ച വരെയാണ് ട്രെയിൻ ഗതാഗതം നിർത്തി വച്ചിട്ടുള്ളത്. മലാഗ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവ്വീസുകളേയും പേമാരി മുന്നറിയിപ്പ് ബാധിച്ചിട്ടുണ്ട്. മെട്രോ സർവ്വീസുകളും നിർത്തി വച്ചിരിക്കുകയാണ്.