കുവൈത്ത് സിറ്റിബഹ്‌റൈനില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പറന്ന ഗള്‍ഫ് എയര്‍ വിമാനത്തിന് എഞ്ചിന്‍ തകരാര്‍; അടിയന്തിരമായി തിരിച്ചിറക്കിയത് കുവൈറ്റ് സിറ്റിയില്‍; ഭക്ഷണവും സഹായവുമില്ലാതെ ഇന്ത്യക്കാരടക്കം ടെര്‍മിനലില്‍ കുടുങ്ങിയത് 13 മണിക്കൂറോളം; രോഷാകുലരായി യാത്രക്കാര്‍

: ബഹ്‌റൈനില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പറന്ന വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി ലാന്‍ഡ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ പറന്നുയര്‍ന്ന ഗള്‍ഫ് എയര്‍ ഫ്‌ലൈറ്റ് ജിഎഫ് 5-വിമാനമാണ് ഒരു മണിക്കൂറിന് ശേഷം കുവൈത്ത് സിറ്റിയില്‍ ലാന്‍ഡിംഗ് നടത്തിയത്. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം അത്യാഹിത ജീവനക്കാര്‍ വിമാനത്തെ ചുറ്റിപ്പറ്റിയുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചു. അതേസമയം, വിമാനത്തില്‍ എഞ്ചിന്‍ തകരാര്‍ സംഭവിച്ചതായും തീപിടുത്തം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വിമാനക്കമ്പനി പ്രതികരിച്ചിട്ടില്ല.

വിമാനം ബഹ്റൈനില്‍ നിന്ന് പുറപ്പെട്ട് കുവൈറ്റിനെ മറികടന്ന് ഇറാഖിലേക്ക് പോകുകയും തിരികെ വട്ടമിട്ട് കുവൈറ്റില്‍ ഇറങ്ങുകയും ചെയ്യുന്നതാണ് ഫ്‌ലൈറ്റ് ഡാറ്റയില്‍ കാണിക്കുന്നത്. അതേസമയം, കുവൈറ്റില്‍ ഒറ്റപ്പെട്ടുപോയ യാത്രക്കാര്‍ക്കുള്ള വിമാനം തിങ്കളാഴ്ചത്തേക്ക് റീബുക്ക് ചെയ്തതായി ഇന്ത്യന്‍ എംബസി അറിയിച്ചു. വിസ ഓണ്‍ അറൈവലിന് അര്‍ഹതയില്ലാത്തതിനാല്‍ ഇന്ത്യന്‍ യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയാണെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി കാരണം ഹോട്ടലുകളില്‍ പാര്‍പ്പിക്കാന്‍ കഴിയാത്തതിനാലും ടെര്‍മിനലിനുള്ളില്‍ കുടുങ്ങിയതിന്റെ ദൃശ്യങ്ങളും യാത്രക്കാര്‍ പങ്കുവെച്ചിട്ടുണ്ട്.

'ഭക്ഷണമോ സഹായമോ ഇല്ലാതെ 13 മണിക്കൂര്‍ കുടുങ്ങി' എന്ന് പറഞ്ഞ് രോഷാകുലരായ യാത്രക്കാര്‍ എയര്‍പോര്‍ട്ട് ജീവനക്കാരുമായി തര്‍ക്കിക്കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം എടുത്ത ഒരു വീഡിയോയില്‍, ടാര്‍മാക്കില്‍ നിരവധി നീല ലൈറ്റ് വാഹനങ്ങള്‍ കാണാം. ആ വീഡിയോയിലാണ് യാത്രക്കാരന്‍ തങ്ങള്‍ സുരക്ഷിതരാണെങ്കിലും കുവൈറ്റ് സിറ്റി എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് വ്യക്തമാക്കിയത്.

യാത്രക്കാരെ സഹായിക്കാനും എയര്‍ലൈനുമായി ഏകോപിപ്പിക്കാനും എംബസിയില്‍ നിന്നുള്ള ഒരു സംഘത്തെ വിമാനത്താവളത്തില്‍ ചുമതലയില്‍ ഏര്‍പ്പെടുത്തിയിരുന്നു. രണ്ട് എയര്‍പോര്‍ട്ട് ലോഞ്ചുകളിലാണ് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കിയത്. കുടുങ്ങിക്കിടന്ന യാത്രക്കാര്‍ക്കായി കുവൈറ്റില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള വിമാനം ഇന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ന് താല്‍ക്കാലികമായി ഷെഡ്യൂള്‍ ചെയ്തു നല്‍കുകയായിരുന്നു.