കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയെ ഭീതിയിലാക്കി അജ്ഞാത രോഗം പടർന്നുപിടിക്കുന്നതായി റിപ്പോർട്ടുകൾ. ഒക്ടോബർ 24 മുതൽ ഡിസംബർ 5 വരെ 406 കേസുകൾ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കി.

മരണസംഖ്യ ഉയരുന്നതിലും അധികൃതർ ആശങ്ക അറിയിച്ചു. ഇതിനോടകം 31 പേർ മരിച്ചു. ക്വാൻഗോ പ്രവിശ്യയിലെ പാൻസി മേഖലയിലാണ് രോഗവ്യാപനം കൂടുതലെന്നും റിപ്പോർട്ടുകൾ ഉണ്ട്.

പനി, ചുമ, തലവേദന, ജലദോഷം, ശരീര വേദന എന്നിവയാണ് രോഗ ലക്ഷണങ്ങൾ. കുട്ടികളെയും പോഷകാഹാരക്കുറവുള്ളവരെയുമാണ് രോഗം തീവ്രമായി ബാധിക്കുന്നത്. കോംഗോയിലെത്തിയ ഡബ്ല്യു.എച്ച്.ഒ സംഘം പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു.

മലേറിയ മുതൽ കൊവിഡ് 19 അടക്കമുള്ള രോഗങ്ങൾ ഇപ്പോൾ സംശയനിഴലിലാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ പറഞ്ഞു.