ബ്രസീൽ: ബ്രസീലിൽ പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ബ്രസീലിലെ എസ്‌ട്രെയിറ്റോ, ഓഗിയര്‍നോപോളിസ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. സംഭവസമയം പാലത്തിലുണ്ടായിരുന്ന രണ്ട് ലോറികളും ഒരു കാറും മോട്ടോര്‍സൈക്കിളും ഉള്‍പ്പെടെ നദിയിലേക്ക് പതിച്ചതായാണ് റിപ്പോര്‍ട്ട്.

11 പേരാണ് അപകടത്തില്‍പ്പെട്ടതെന്നും ഇതില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്. അതേസമയം, മരണസംഖ്യ മൂന്നായി ഉയര്‍ന്നതായും വിവരങ്ങൾ ഉണ്ട്.

ബി.ആര്‍-226 ഹൈവേയില്‍ 533 മീറ്റര്‍ നീളത്തിലുള്ള പാലത്തിന്റെ മധ്യഭാഗമാണ് തകര്‍ന്നുവീണത്. 1960-ല്‍ ഉദ്ഘാടനംചെയ്ത പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് ഏറെനാളായി ആശങ്കകളുണ്ടായിരുന്നു. പാലത്തിലെ അപകടഭീഷണി സംബന്ധിച്ച് പ്രദേശത്തെ കൗണ്‍സിലറായ ഏലിയാസ് ജൂനിയര്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇദ്ദേഹം പാലത്തിലെ വിള്ളലുകള്‍ ചൂണ്ടിക്കാണിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് പാലം തകര്‍ന്നുവീണത്. ഉടന്‍തന്നെ ഇദ്ദേഹവും മറ്റുയാത്രക്കാരും ഓടിരക്ഷപ്പെടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ ഉണ്ട്.