ഫ്ലോറിഡ: യാത്രക്കാരുടെ വസ്ത്രധാരണം സംബന്ധിച്ച നയങ്ങൾ മൊത്തത്തിൽ പുതുക്കി അമേരിക്കൻ ബജറ്റ് എയർലൈനായ സിപിരിറ്റ് എയർലൈൻസ്. മാന്യമായ വസ്ത്രം ധരിക്കാതെയോ ചെരിപ്പിടാതെയോ എയർലൈനിൽ യാത്ര ചെയ്യാൻ ഇനിമുതൽ അനുവദിക്കില്ലെന്നാണ് വിമാന കമ്പനി പറയുന്നത്. കൂടാതെ ശരീരത്തിൽ അശ്ലീല സ്വഭാവമുള്ളതായ ടാറ്റൂ അച്ചടിച്ചിട്ടുണ്ടെങ്കിലും വിമാനത്തിൽ യാത്ര ചെയ്യാൻ ഇനി മുതൽ അനുവദിക്കില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ശരീരത്തിലെ സ്വകാര്യ ഭാ​ഗങ്ങൾ വ്യക്തമാക്കുന്നതോ സുതാര്യമായതോ ആയ വസ്ത്രങ്ങൾ ധരിച്ചെത്തുന്നവരെയും ശരീരത്തിലെ ടാറ്റൂ കാണിക്കും വിധത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞെത്തുന്നവരെയും വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. വസ്ത്രധാരണത്തെ സംബന്ധിച്ച് മുൻപും എയർലൈൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴാണ് കൃത്യമായ നിർവചനങ്ങൾ ഏർപ്പെടുത്തിയത്.

സ്വകാര്യ ഭാ​ഗങ്ങൾ കൃത്യമായി മറച്ചിരിക്കണം, സുതാര്യമായ വസ്ത്രങ്ങൾ ധരിക്കരുത് തുടങ്ങി മാന്യമായ വസ്ത്രധാരണം എന്നതിനെ കമ്പനി നിർവചിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ തരത്തിലുള്ള ടാറ്റൂകൾക്കാണ് വിമാനത്തിൽ നിയന്ത്രണമുള്ളതെന്നതിന് കൂടുതൽ വ്യക്തത ഇതുവരെ വരുത്തിയിട്ടില്ല.