ഇസ്ലാമാബാദ്: അമേരിക്കയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്തിയ പിതാവ് മകളെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണ്. കുട്ടികള്‍ അച്ചടക്കമുള്ളവരായി വളരാന്‍ വേണ്ടിയാണ് ഇയാള്‍ അമേരിക്കയില്‍ നിന്ന് ജന്മനാടായ പാക്കിസ്ഥാനിലേക്ക് മടങ്ങിയത്. സമൂഹ മാധ്യമങ്ങളില്‍ സമയം കളയുന്നതില്‍ സഹികെട്ടാണ് ഇയാള്‍ ഈ കടുംകൈ ചെയ്തതെന്നാണ് പറയപ്പെടുന്നത്. അമേരിക്കന്‍ പൗരത്വമുണ്ടെന്ന് കരുതപ്പെടുന്ന അന്‍വര്‍ ഉള്‍ ഹഖാണ് ടിക്-ടോക്കില്‍ സമയം കളയുന്ന മകളെ ഇത്തരത്തില്‍ വെടിവെച്ചു കൊന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പതിനഞ്ചുകാരിയായ മകള്‍ ഹിറയെ ഇയാള്‍ വധിച്ചത്. ടിക്ടോക്കില്‍ വീഡിയോ ചെയ്യുന്നത് മോശമായ കാര്യമാണെന്ന നിലപാടില്‍ ഉറച്ചു നിന്നിരുന്ന ഇയാള്‍ മകളെ പല തവണ ടിക്ടോക്ക് ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരുന്നു. എന്നാല്‍ മകളാകട്ടെ അച്ഛനവെ ധിക്കരിച്ചു കൊണ്ട് വീഡിയോകള്‍ ചെയ്യുന്നത് തുടരുകയായിരുന്നു. ഹിറയുടെ വസ്ത്രധാരണത്തിലും ജീവിതശൈലിയിലും സാമൂഹ്യ ബന്ധങ്ങളിലും എല്ലാം വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പാണ് ഉണ്ടായിരുന്നത്. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലാണ് അന്‍വര്‍ ഉള്‍ ഹഖും കുടുംബവും താമസിക്കുന്നത്. ആദ്യം അജ്ഞാതനായ ഒരാളാണ് മകളെ വെടിവെച്ച് കൊന്നത് എന്നാണ് അന്‍വര്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

എന്നാല്‍ പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താന്‍ തന്നെയാണ് മകളെ കൊന്നതെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട്് അന്‍വറിന്റെ അടുത്ത ബന്ധുവിനേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളും ഹിറയുടെ സമൂഹമാധ്യമ വീഡിയോകളെ എതിര്‍ത്തിരുന്നു എന്നാണ് പറയപ്പെടുന്നത്. 25 വര്‍ഷം അമേരിക്കയില്‍ താമസിച്ചതിന് ശേഷമാണ് ഇവരുടെ കുടുംബം പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്തിയത്. സംഭവത്തിന് പിന്നില്‍ സദാചാരകൊല തന്നെയാണോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്.

ഇക്കാര്യം തെളിയിക്കപ്പെടുകയാണെങ്ക്ില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്ശിക്ഷ ലഭിക്കും. പാക്കിസ്ഥാനില്‍ കുറേനാളായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍്ട്ട് ചെയ്യപ്പെടുകയാണ്. ഓരോ വര്‍ഷവും ആയിരത്തോളം സ്ത്രീകള്‍ പാക്കിസ്ഥാനില്‍ ഇത്തരത്തില്‍ കൊല്ലപ്പടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.