സിയോൾ: ലോകത്ത് തന്നെ മില്യൺ കണക്കിന് ആരാധകരുള്ള കൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസിലെ താരമായ ജിന്നിനെ 'ചുംബിച്ച' സ്‌ത്രീക്കെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. ഗായകൻ പൊതുപരിപാടിക്കായി എത്തിയപ്പോൾ അനുവാദമില്ലാതെ കവിളിൽ ചുംബിച്ചുവെന്നാണ് കേസ്. 50കാരിയെ ചോദ്യം ചെയ്യാനായി കൊറിയൻ പൊലീസ് വിളിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

ജപ്പാൻകാരിയായ സ്‌ത്രീ ഇപ്പോൾ സ്വന്തം രാജ്യത്താണുള്ളത്. എത്രയും വേഗം ഹാജരാകാനാണ് ഇവർക്ക് നിർദേശം നൽകിയിരിക്കുന്നത്. പൊതുപരിപാടിക്കിടെ ലൈംഗികാതിക്രമം നടത്തിയെന്നതുൾപ്പെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദസമായ സംഭവം നടന്നത്. സിയോളിൽ നടന്ന ഫ്രീ ഹഗ് ഇവന്റിലായിരുന്നു നാടകീയ സംഭവങ്ങൾ അരങേറിയത്. പരിപാടിക്കിടെ ബിടിഎസ് താരം ആയിരത്തോളം ആരാധകരെ ആലിംഗനം ചെയ്‌തു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഗായകന്റെ ആലിംഗനമേറ്റുവാങ്ങിയത്. ഇതിനിടെ 50കാരി താരത്തെ ചുംബിക്കുകയായിരുന്നു. ആലിംഗനത്തിന് പകരം അനുവാദമില്ലാതെ ചുംബിച്ചതാണ് വിവാദത്തിന് കാരണമായത്.

ഒരു ബിടിഎസ് ആരാധകൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 18 മാസത്തെ നിർബന്ധിത സൈനിക സേവനത്തിന് ശേഷമുള്ള ബിടിഎസ് താരത്തിന്റെ ആദ്യ പൊതുപരിപാടി ആയിരുന്നു ഫ്രീ ഹഗ് ഇവന്റ്. സംഭവം ഇപ്പോൾ കൊറിയയിൽ വലിയ വിവാദത്തിന് കരണമായിരിക്കുകയാണ്.