ഓസ്‌ലോ: പെട്ടെന്ന് കണ്ടാൽ ആരെയും ആകർഷിക്കുന്ന വലിയ പന്ത് പോലുള്ള കണ്ണുകൾ. വായ ഭാഗം വളരെ നേർത്തിരിക്കും. വാൽ ഭാഗം പെട്ടെന്ന് കണ്ടാൽ പാമ്പിന്റേത് പോലെ. കണ്ടാൽ ആരും പേടിച്ചു പോകുന്ന രൂപമാണ് ഈ വിചിത്ര മത്സ്യത്തിന് ഉള്ളത്. ഒറ്റനോട്ടത്തിൽ ഏതെങ്കിലും അന്യഗ്രഹജീവി ആകാമെന്ന് കരുതാം. പക്ഷെ ആൾ വി.ഐ.പി ആണ്.

പുരാതനകാലത്ത് ജീവിച്ചിരുന്ന ജീവിയുമായാണ് ഇതിനെ താരതമ്യപ്പെടുത്തുന്നത്. 300 മില്യൺ വർഷം പഴക്കമുള്ള സ്രാവ് വർഗത്തിൽപ്പെട്ട മത്സ്യമാണത്രെ ഇത്. പേര് റാറ്റ് ഫിഷ്. റാബിറ്റ് ഫിഷ് എന്നും അറിയപ്പെടുന്നു. അതായത് ദിനോസറിന്റെയും മറ്റ് മൺമറഞ്ഞ ജീവികളുടെയും കാലം മുതൽ ഭൂമിയിൽ ഉണ്ടായിരുന്ന ജീവി വർഗമാണ് ഇത്. ചിമേറസ് മോൻസ്ട്രോസ ലിനേയസ് എന്നാണ് റാറ്റ് ഫിഷിന്റെ ലാറ്റിൻ നാമം.

സിംഹത്തിന്റെ തലയും ഡ്രാഗണിന്റെ വാലുമുള്ള ഗ്രീക്ക് ഭീകരജീവിയുടെ പേരിൽ നിന്നാണ് ഇത് ഉത്ഭവിച്ചിരിക്കുന്നത്. ഞണ്ടുകളെ ആഹാരമാക്കാറുള്ള ഇവ പക്ഷേ, മനുഷ്യനെ ഉപദ്രവിക്കാറില്ല. സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഈ വിചിത്ര മത്സ്യം ജീവിക്കുന്നത്. ഇവയുടെ വലിയ കണ്ണുകൾ ഇരുട്ടിൽ കാഴ്‌ചയ്‌ക്ക് സഹായിക്കുന്നുവെന്ന് കരുതുന്നു. വടക്കു കിഴക്കൻ അറ്റ്‌‌ലാന്റിക് സമുദ്രത്തിലും മെഡിറ്ററേനിയൻ കടലിലും ഇവയെ കാണാം. 5 അടി വരെ നീളം വയ്ക്കുന്ന ഇവ 30 വർഷം വരെ ജീവിക്കുന്നു.