ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്. ''മാര്‍പാപ്പ വിടവാങ്ങിയത് അറിഞ്ഞു. ലോകത്താകമാനം അദ്ദേഹത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്റെ മനസ്സ്. വളരെയധികം ക്ഷീണിതനായിരുന്നെങ്കിലും ഇന്നലെ അദ്ദേഹത്തെ കാണാനായതില്‍ സന്തോഷമുണ്ട്. കോവിഡിന്റെ ആദ്യനാളുകളില്‍ അദ്ദേഹം മുന്നോട്ടുവച്ച മനോഹരമായ മാതൃക എന്നും ഓര്‍മിക്കപ്പെടും.'' ജെ.ഡി.വാന്‍സ് എക്‌സില്‍ കുറിച്ചു.

ഇന്ത്യാ സന്ദര്‍ശനത്തിന് പുറപ്പെടും മുന്‍പ് ജെ.ഡി.വാന്‍സ് റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. മാര്‍പാപ്പയുമായി അവസാനം കൂടിക്കാഴ്ച നടത്തിയ ലോകനേതാവാണ് ജെ.ഡി.വാന്‍സ്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം കൈക്കൊള്ളുന്ന കടുത്ത നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മാര്‍പ്പാപ്പയെ സമാധാനിപ്പിക്കാനുള്ള അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെ ഡി വാന്‍സിന്റെ ശ്രമം വിജയം കണ്ടിരുന്നില്ല.

ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനിലെത്തി വാന്‍സ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാന്‍സുമായി കൂടുതല്‍ സംസാരിക്കാന്‍ മുതിരാതെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീട്രോ പരോലിനെയും വിദേശകാര്യ മന്ത്രി ആര്‍ച്ച്ബിഷപ്പ് പീറ്റര്‍ ഗല്ലാഗറെയും കാണാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു മാര്‍പ്പാപ്പ. അമേരിക്കന്‍ വൈസ് പ്രസിഡണ്ടും മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച ഹ്രസ്വമായിരുന്നു എന്നും ഏതാനും മിനിറ്റുകള്‍ മാത്രമാണ് നീണ്ടു നിന്നതെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. കുടിയേറ്റത്തെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്.

കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള ട്രംപിന്റെ തീരുമാനത്തെയും മാര്‍പ്പാപ്പ അതിനിശിതമായി വിമര്‍ശിച്ചു. കുടിയേറ്റക്കാര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് പോപ്പ് എന്ന നിലയില്‍ തന്റെ പ്രഥമ കര്‍ത്തവ്യം എന്ന് മാര്‍പ്പാപ്പ പറഞ്ഞു. കത്തോലിക്ക മതവിശ്വാസി കൂടിയായ വാന്‍സിന് മാര്‍പ്പാപ്പ മൂന്ന് വലിയ ചോക്ലേറ്റ് ഈസ്റ്റര്‍ എഗ്ഗുകള്‍ സമ്മാനിച്ചു. സന്ദര്‍ശന സമയത്ത് കൂടെ ഇല്ലാതിരുന്ന വാന്‍സിന്റെ മൂന്ന് മക്കള്‍ക്ക് വേണ്ടിയായിരുന്നു അത്.

സന്ദര്‍ശനാനുമതി നല്‍കിയതിന് പോപ്പിനോട് നന്ദി പറഞ്ഞ വാന്‍സ്, ആരോഗ്യം മെച്ചപ്പെട്ട നിലയില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞിരുന്നു. സെയിന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഈസ്റ്റര്‍ കുര്‍ബാന നടക്കുന്ന സമയത്തായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡണ്ടിന്റെ വാഹനവ്യൂഹം വശത്തുള്ള ഒരു ഗെയ്റ്റിലൂടെ വത്തിക്കാന്‍ നഗരത്തില്‍ പ്രവേശിച്ചത്. പോപ്പ് ഫ്രാന്‍സിസിന് പകരം മറ്റൊരു കര്‍ദ്ദിനാള്‍ ആയിരുന്നു ചടങ്ങൂകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. തുടര്‍ന്ന്, മാര്‍പ്പാപ്പ ഇരിക്കുന്ന ഡോമസ് സാന്റാ മാര്‍ട്ടയില്‍ എത്തി വാന്‍സ് ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ചു. മാര്‍പ്പാപ്പ തിരികെയും ആശംസകള്‍ നേര്‍ന്നു.