കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇനി മുതല്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ട് പോകുന്നതിന് കസ്റ്റംസ് ഡിക്ലറേഷന്‍ നിര്‍ബന്ധമാണ്. പണവുമായി യാത്ര ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

ഇനി മുതല്‍ 3,000 ദിനാറോ അതിലധികമോ പണം കൊണ്ടുപോകുന്ന യാത്രക്കാര്‍ക്ക് കസ്റ്റംസ് ഡിക്ലറേഷന്‍ നിര്‍ബന്ധമാണ്. സ്വര്‍ണം, വിലയേറിയ വാച്ചുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ കൈവശമുണ്ടെങ്കില്‍ അത് യാത്രക്കാര്‍ കസ്റ്റംസിനെ അറിയിക്കണം. ഹാന്‍ഡ് ലഗേജില്‍ വില കൂടിയ വസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ അതിന്റെ ബില്‍ കൈവശമുണ്ടാകണം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ബില്‍ നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

കസ്റ്റംസിനെ അറിയിക്കാതെ സാധനങ്ങള്‍ കൊണ്ട് പോയാല്‍ അത് നിയമലംഘനമായി കണക്കാക്കുകയും, അവ കണ്ടു കെട്ടി തുടര്‍ നടപടികള്‍ സ്വീകരിക്കും.വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി ആണ് പുതിയ നിയന്ത്രണങ്ങള്‍. രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും,മടങ്ങി പോകുമ്പോഴും കസ്റ്റംസ് ഫോറം പൂരിപ്പിച്ച് നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.